ജിദ്ദ– ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യയിൽ നിന്ന് കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീര രക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്‍പില്‍ സ്മരണാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷും ഒത്തുകളിച്ച് കൊണ്ട് രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറികൾക്കെതിരെ കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ജിദ്ദയിൽ ഫ്രീഡം അറ്റ് മിഡ്നൈറ്റ് സംഘടിപ്പിച്ചു.
ആക്റ്റിംഗ് പ്രസിഡന്റ് അസീസ് ലാക്കലിന്റെ അധ്യക്ഷതയിൽ ഷറഫിയയിൽ സംഘടിപ്പിച്ച പരിപാടി ഒഐസിസി സ്ഥാപക നേതാവ് അബ്ബാസ് ചെമ്പൻ ഉത്ഘാടനം ചെയ്തു. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം ഇന്ന് വലിയ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്ത് തന്നെയുള്ള ഫാസിസ്റ്റുകൾ ആണ് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ഭീഷണി. സമകാലിക ഭാരത ജനതയുടെ സ്വാതന്ത്ര്യവും, പരമാധികാരവും കൈയ്യാളുന്നത് ഒരു കൂട്ടം കോര്‍പ്പറേറ്റുകള്‍ ആണെന്നതാണ് വിഷമകരമായ ലജ്ജിപ്പിക്കുന്ന സത്യം.
കോൺഗ്രസ് ആറര പതിറ്റാണ്ട് കാലം ഇന്ത്യ ഭരിച്ചിട്ടും രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടില്ല. ഇന്ന് രാജ്യത്തിന്റെ തെരഞ്ഞെടുപ്പുകൾ എല്ലാം അട്ടിമറിച്ചുകൊണ്ട് കുറുക്കുവഴിയിലൂടെ അധികാരത്തിലെത്തിയ സംഘപരിവാറിന്റെ ഭീഷണിക്ക് മുമ്പിലാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഈ വേളയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നയിക്കുന്ന പോരാട്ടത്തിന് പിന്തുണ നൽകുക എന്നതാണ് ഓരോ രാജ്യസ്നേഹിയുടെയും കടമ- യോഗം അഭിപ്രായപ്പെട്ടു.
വോട്ട് ചോരി ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിഗ്നേച്ചർ ഫോർ ഡെമോക്രസി എന്ന പേരിൽ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ഫ്രീഡം ലൈറ്റ് പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ലൈറ്റ് ഫോർ ഫ്രീഡം എന്ന പേരിൽ ദീപശിഖകളേന്തിയുള്ള പരിപാടിയും ശ്രദ്ധേയമായി.
ചടങ്ങിൽ ഇസ്മായിൽ കൂരിപ്പൊയിൽ സ്വാതന്ത്രദിന സന്ദേശം നൽകി. അലി ബാപ്പു, സന്തോഷ് കാളികാവ് , ഗിരീഷ് കാളികാവ് സൽമാൻ ചോക്കാട്, തസ്ലീം തിരുവാലി, തൽഹത്ത് നസീഫ്, അൻവർ ബാബു ചോക്കാട്, ഇർഷാദ് ആലപ്പുഴ, ഫൈസൽ മക്കരപ്പറമ്പ്, നൗഫൽ വണ്ടൂർ, മുഹമ്മദ് ഓമാനൂർ എന്നിവർ സംസാരിച്ചു. കമാൽ കളപ്പാടൻ സ്വാഗതവും യു എം ഹുസൈൻ മലപ്പുറം നന്ദിയും പറഞ്ഞു. സിപി മുജീബ് നാണി, സാജു റിയാസ്, സമീർ പാണ്ടിക്കാട്, ഉസ്മാൻ കുണ്ടുകാവ്, അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു വിതരണം ചെയ്തു.