ജിദ്ദ- ഒ.ഐ.സി.സി ജിദ്ദ റീജ്യണൽ കമ്മറ്റി നേതാക്കൾ കരിപ്പൂർ ഹജ് ഹൗസ് സന്ദർശിച്ച് സംസ്ഥാന ഹജ് കമ്മറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോടുമായി ചർച്ച നടത്തി. കോഴിക്കോടുനിന്നുള്ള ഹജ് യാത്രികരിൽനിന്നും ഭീമമായ തുക ടിക്കറ്റ് ചാർജായി ഈടാക്കുന്നത് നീതീകരിക്കാനാവാത്ത കാര്യമാണെന്നും സംസ്ഥാന ഹജ് കമ്മറ്റി ചെയർമാൻ ഈ വിഷയത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഈ വിഷയം കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര മന്ത്രിമാരുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അടുത്ത ഹജ്ജ് സീസണാവുമ്പോൾ ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവുണ്ടാവാൻ സാധ്യത കാണുന്നുണ്ടെന്നും ചെയർമാൻ മറുപടി നൽകി.പ്രവാസി സംഘടനകൾ നാളിതുവരെ ഹാജിമാർക്ക് നൽകി വരുന്ന സേവനങ്ങൾ മഹത്തരമാണെന്നും അഭിനന്ദനമർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി ജിദ്ദ റീജ്യണൽ കമ്മറ്റി വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് കൊടശ്ശേരി സംഘത്തിന് നേതൃത്വം നൽകി.ഒ.ഐ.സി.സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അലവി ഹാജി കാരിമുക്ക്, റീജ്യണൽ കമ്മറ്റി സെക്രട്ടറി മുസ്തഫ ചേളാരി, മലപ്പുറം ജില്ലാ സെക്രട്ടറി എം റ്റി ജി ഗഫൂർ, മദീന വൈസ് പ്രസിഡണ്ട് മുനീർ പടിക്കൽ, ഒ.ഐ.സി.സി എക്സിക്യൂട്ടിവ് മെമ്പർമാരായ സൽമാൻ ചോക്കാട്, മജീദ് ചേറൂർ, അൻസാരി മേലേ പറമ്പ് മക്ക, സീനിയർ നേതാക്കളായ അബ്ദുറഹ്മാൻകാവുങ്ങൽ, കെ സി അബ്ദു റഹ്മാൻ, അഷ്റഫ് ,ഷറഫുദ്ദീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കരിപ്പൂർ ഹജ്ജ് ഹൗസിൽ നിന്നുള്ള അവസാന ഹജ്ജ് യാത്രികർ ബുധനാഴ്ച രാത്രി ജിദ്ദയിലേക്ക് യാത്രയായി.