ജിദ്ദ: ജിദ്ദയിലെ മലയാളി സമൂഹത്തിന്റെ പൊതുവേദിയായ ജിദ്ദ കേരള പൗരാവലിയുടെ പുതിയ ലോഗോ വർണ്ണാഭമായ വേദിയിൽ പ്രമുഖ ഇന്ത്യൻ വ്യവസായിയും സാമൂഹ്യ ജീവകാരുണ്യ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ വി പി മുഹമ്മദ് അലി പ്രകാശനം ചെയ്തു. കേരളത്തിലെ പതിനാല് ജില്ലകളിൽനിന്നുമുള്ള പ്രതിനിധികളുടെ സാന്നിധ്യം പ്രകാശന ചടങ്ങിനെ പ്രൗഢമാക്കി. ലോഗോയുടെ വർണ്ണങ്ങൾ സൗദിയെയും നമ്മുടെ നാടിനെയും സൂചിപ്പിക്കുന്നു. അതിന്റെ മാതൃക ബന്ധങ്ങളെയും അതിലൂടെയുള്ള ശാക്തീകരണത്തേയും സൗഹൃദത്തേയും സൂചിപ്പിക്കുന്നുവെന്ന് പൗരാവലി ഭാരവാഹിയായ ജലീൽ കണ്ണമംഗലം സദസിൽ വിശദീകരിച്ചു. ജിദ്ദയിലെ മലയാളി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ജിദ്ദ കേരള പൗരാവലി കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ലോഗോ പ്രകാശനം നിർവ്വഹിച്ച് വി പി മുഹമ്മദ് അലി പറഞ്ഞു. പ്രമുഖ ഗ്രാഫിക് ഡിസൈനർ ഓ ബി നാസറാണ് ജിദ്ദ കേരള പൗരാവലിക്ക് വേണ്ടി മനോഹരവും അർത്ഥവത്തായതുമായ ലോഗോ ഡിസൈൻ ചെയ്തത് .
ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ‘സ്പൊണ്ടേനിയസ് 2025’ പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കുള്ള പ്രശംസാപത്ര വിതരണവും നടന്നു.
ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ വയനാട് അംഗങ്ങളെ സ്വാഗതം ചെയ്തു. തുടർന്ന് ട്രഷറർ ശരീഫ് അറക്കൽ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. ജിദ്ദ കേരള പൗരാവലിയുടെ വിവിധ വിഭാഗങ്ങളുടെ കൺവീനർമാരായ അലി തേക്കുതോട് (വെൽഫെയർ) , സലാഹ് കാരാടൻ (പബ്ലിക് റിലേഷൻസ്) ,ഷമീർ നദ്‌വി (പബ്ലിക് വാട്സ് ഗ്രൂപ്പ്), വേണു അന്തിക്കാട് (ഇവെന്റ്സ്) നസീർ വാവാക്കുഞ്ഞ് (മീഡിയ ആന്റ് പബ്ലിസിറ്റി) സി എച്ച് ബഷീർ (അബീർ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് കാർഡ്) മിർസാ ഷരീഫ്, ഉണ്ണി തെക്കേടത്ത് (സോഷ്യൽ അവെയർനെസ്സ്), നാസർ ചാവക്കാട് (ട്രെയിനിങ്) എന്നിവർ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
പൗരാവലി നേതൃത്വം നൽകുന്ന ലഹരി വിരുദ്ധക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളെകുറിച്ചും ഭാവിപരിപാടികളെ കുറിച്ചും യോഗം ചർച്ച ചെയ്തു. വിപുലവും ഫലപ്രദവുമായ വിവിധ പരിപാടികൾ നടത്തുന്നതിന് വേണ്ടി പ്രവർത്തനം ഊജ്ജിതമാകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഘാന സർവ്വകലാശാലയിൽ നിന്നും ‘വിദ്യാഭ്യാസവും സമൂഹവും’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ച ജിദ്ദ നവോദയ രക്ഷാധികാരിയും അദ്ധ്യാപകനുമായ ഷിബു തിരുവനന്തപുരത്തിന് ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു. ‘സ്പോണ്ടേനിയസ് 2025‘ ന്റെ പരിശീലകരായ എം എം ഇർഷാദ്, റഷീദ് അമീർ, സജിത്ത് എ എം, കബീർ കൊണ്ടോട്ടി എന്നിവർക്ക് പുരസ്കാരം നൽകി ആദരിച്ചു.

തുടർന്ന് നടന്ന കലാപരിപാടികളിൽ ജിദ്ദ കേരള പൗരാവലി അംഗങ്ങൾ ഉൾപ്പെടെയുള്ള ഗായകർ ഗാനങ്ങൾ ആലപിച്ചു. മിർസാ ഷെരീഫ്, സലിം നിലമ്പൂർ,മുംതാസ് അബ്ദുൽ റഹിമാൻ,മുഹമ്മദ് റാഫി, സിമി അബ്ദുൽ കാദർ, കാസിം കുട്യാടി. സത്യൻ, സുവിജ സത്യൻ,റമീസ് റാഫി, അഫ്ര സബീൻ റാഫി, മൻസൂർ വയനാട്, ഹസ്സൻ കൊണ്ടോട്ടി, റഹിം കാക്കൂർ,ഹാരിസ് ഹസൈനാർ, മുഹമ്മദ് അലി,ഡോക്ടർ മുഹമ്മദ് ഫൈസൽ, ഹാഫിസ് കുറ്റ്യാടി എന്നിവർ സംഗീതവിരുന്നൊരുക്കി. കുരുന്നുകളുടെ നൃത്തവും അരങ്ങേറി. സോഫിയ ബഷീർ അവതാരകയായിരുന്നു.
ഏഴ് മണിക്കൂർ ദൈഘ്യമുള്ള പരിപാടിയിൽ പെഹൽഗാം രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മണപ്പെട്ടവരുടെ കുടുംബത്തിന്റെയും രാജ്യത്തിന്റെയും ദുഃഖത്തിൽ പരിപാടിയിൽ പങ്കെടുത്തവർ പങ്കുചേർന്നു.ഖാദർ ആലുവ, നവാസ് തങ്ങൾ, ഹിഫ്സുറഹ്മാൻ, റാഫി ആലുവ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.