റിയാദ്: പ്രവാസലോകത്തെ കാരുണ്യത്തിന്റെ മുഖമായ റിയാദിലെ റഹ്‌മത്ത് അഷ്‌റഫ് വെള്ളപ്പാടത്തിന് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ 2026-ലെ ‘ഹ്യൂമാനിറ്റി ഐക്കൺ’ പുരസ്കാരം. പ്രവാസി സംരംഭകയും ജീവകാരുണ്യ പ്രവർത്തകയും റിയാദ് കെ.എം.സി.സി വനിതാ വിംഗ് പ്രസിഡന്റുമായ റഹ്‌മത്ത് അഷ്‌റഫ്, കോവിഡ് കാലം മുതൽ പ്രവാസികൾക്കിടയിൽ നടത്തിവരുന്ന സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങളാണ് ഈ പരമോന്നത ആദരവിന് അവരെ അർഹയാക്കിയത്. മുൻ വർഷങ്ങളിൽ അഷ്‌റഫ് താമരശ്ശേരി, സിദ്ധീഖ് തുവ്വൂർ തുടങ്ങിയ പ്രമുഖർ ഏറ്റുവാങ്ങിയ പുരസ്കാരമാണിത്.
സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകർക്കായി ഇത്തവണ പുതുതായി ഏർപ്പെടുത്തിയ ‘ബിസിനസ്സ് ഐക്കൺ’ പുരസ്കാരത്തിന് മുനീർ കണ്ണങ്കര അർഹനായി. ബിസിനസ് രംഗത്തെ മികവിനൊപ്പം നന്മയുടെ വിവിധ കർമ്മപദ്ധതികളിൽ അദ്ദേഹം നൽകിവരുന്ന സജീവമായ പിന്തുണയും പരിഗണിച്ചാണ് ഈ അംഗീകാരം.
നന്മോത്സവം 2026: ഫെബ്രുവരി ആറിന് പുരസ്കാരങ്ങൾ സമർപ്പിക്കും നന്മയുടെ ആറാം വാർഷികാഘോഷമായ ‘നന്മോത്സവം 2026’ ഫെബ്രുവരി ആറിന് റിയാദ് ഷോല മാൾ അൽവഫ അട്രിയത്തിൽ നടക്കും. പ്രമുഖ സോഷ്യൽ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ. അനിൽ മുഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കലോത്സവ പ്രതിഭ അസിൻ വെള്ളില, പട്ടുറുമാൽ ടൈറ്റിൽ വിന്നർ അസ്ന നിസ്സാം, ശ്രദ്ധേയയായ ഗായിക അഷ്ഫിയ അൻവർ തുടങ്ങിയവർ പങ്കെടുക്കുന്ന കലാസന്ധ്യയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.
രക്തദാന ക്യാമ്പോടെ തുടക്കം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജനുവരി 30 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ സുലൈമാനിയ പ്രിൻസ് സുൽത്താൻ കാർഡിയാക്ക് സെൻ്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. സാമൂഹിക സേവനത്തിന് മുൻതൂക്കം നൽകുന്ന നന്മയുടെ ഈ പത്താം വാർഷിക ആഘോഷങ്ങൾ റിയാദിലെ പ്രവാസി സമൂഹത്തിന് വലിയൊരു ഒത്തുചേരലായി മാറും.



