ജിദ്ദ: ജിദ്ദയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ അംഗങ്ങൾക്കായി നടത്തി വരാറുള്ള കായിക ദിനത്തിന് പ്രോജ്വല സമാപനം. മൈത്രി സ്പോർട്സ് മീറ്റ് 2025 എന്ന ശീർഷകത്തിൽ വർണശബളമായ പരിപാടികളോടെയാണ് മേളക്ക് കൊടിയിറങ്ങിയത്. ഓറഞ്ച്, വൈറ്റ്, ഗ്രീൻ എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. രണ്ടാഴ്ച നീണ്ടു നിന്ന ഇൻഡോർ മത്സരങ്ങൾക്ക് ശേഷം ഏപ്രിൽ 18-ന് നടന്ന ഔട്ട് ഡോർ മത്സരങ്ങളോടെ മേളക്ക് സമാപനമായി.

ത്രിവർണ ജേഴ്‌സി അണിഞ്ഞ അംഗങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് സമാപന മേള തുടങ്ങിയത്. മൈത്രി പ്രെസിഡൻറ് ഷരീഫ് അറക്കലിന്റെ അധ്യക്ഷതയിൽ ദ മലയാളം ന്യൂസ് ചീഫ് മുസാഫിർ ഉദ്ഘാടനം ചെയ്തു. നവോദയ മുഖ്യ രക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം, മീഡിയ ഫോറം പ്രസിഡന്റ് കബീർ കൊണ്ടോട്ടി, കെഎംസിസി നേതാവ് നാസർ വെളിയങ്കോട്, നോർക്ക ലീഗൽ അഡ്വൈസർ അഡ്വക്കറ്റ് ഷംസുദ്ദിൻ, മുസ്തഫ മാസ്റ്റർ, പ്രവാസി സാഹിത്യകാരി റജിയ വീരാൻ, ജിദ്ദ കേരള എഞ്ചിനീയേഴ്‌സ് ഫോറം നേതാവ് ഇക്ബാൽ പൊക്കുന്ന്, മൈത്രി അംഗം ഡോ. വിനീത പിള്ള, സാമൂഹിക പ്രവർത്തകനായ വാസു എന്നിവർ സല്യൂട്ട് സ്വീകരിച്ചു. മൈത്രി ജനറൽ സെക്രട്ടറി നവാസ് ബാവ തങ്ങൾ സ്വാഗതവും, ട്രഷറർ കിരൺ കലാനി നന്ദിയും പറഞ്ഞു.

കായിക മത്സരങ്ങളിൽ അബിൻരാജ് – റെജില സഹീർ നേതൃത്വം നൽകിയ ഗ്രീൻ ഹൗസ് ജേതാക്കളായി. കള്ളിയത്ത് അബൂബക്കർ ഹാജി മെമ്മോറിയൽ എവർ റോളിങ് ട്രോഫി കരസ്ഥമാക്കി. സഹീർ മാഞ്ഞാലി-റംസീന സക്കീർ നേതൃത്വം നൽകിയ വൈറ്റ് ഹൗസും, ഉനൈസ് -ആയിഷ ഫവാസ് നേതൃത്വം നൽകിയ ഓറഞ്ച് ഹൗസും യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി.
മൈത്രി കൾച്ചറൽ സെക്രട്ടറി നൂറുന്നീസ ബാവയുടെ ഏകോപനത്തിൽ നടന്ന കായികമേളയിൽ കുട്ടികൾക്ക് ഏർപ്പെടുത്തിയ ഉല്ലാസ് അടൂർ സ്മാരക വ്യക്തിഗത ചാമ്പ്യനുള്ള ട്രോഫി 25 പോയിന്റ് നേടി ആർസു കാരപ്പഞ്ചേരി സ്വന്തമാക്കി. പുരുഷ വിഭാഗം കാരംസിൽ എ പി മുഹമ്മദ് അഷ്‌റഫ് സ്മാരക ചാമ്പ്യൻ ട്രോഫി സുൽഫികർ മാപ്പിള വീടും സ്ത്രീകളുടെ വിഭാഗം കാരംസിൽ മുസ്തഫ കാട്ടീരി സ്മാരക ചാമ്പ്യൻ ട്രോഫി ആയിഷ ഫവാസും കരസ്ഥമാക്കി.