ജിദ്ദ- ലഹരി ഉപയോഗംകൊണ്ട് ഒരാൾക്ക് ലഭിക്കുന്നത് കേവലം നൈമിഷിക സുഖം മാത്രമാണെന്നും അത് കെട്ടടങ്ങുന്നതോടെ കൂടുതൽ പ്രയാസത്തിലായിരിക്കുമെന്നും പ്രമുഖ വാഗ്മിയും ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റുമായ മുസ്തഫ തൻവീർ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘അല്ലാഹുവിന്റെ സ്നേഹം തിരിച്ചറിയുക’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 1990കളിൽ പശ്ചാത്യ നാടുകളിൽ യുവാക്കൾക്കിടയിൽ നടമാടിയിരുന്ന ഡിജെ പാർട്ടികൾക്ക് കൊഴുപ്പ് കൂട്ടാൻ എം.ഡി.എം.എ പോലുള്ള മയക്കുമരുന്നുകൾ പ്രചാരത്തിലായി. അതിൽ മതിമറന്ന അവസ്ഥക്ക് അന്നത്തെ യുവത വിളിച്ചിരുന്ന പേരായിരുന്നു ‘വൈബ്’ എന്നത്. എന്നാലിത് ഇന്ന് നമ്മുടെ നാട്ടിലും വ്യാപകമാവുകയാണ്.
ഇത്തരം നൈമിഷിക സുഖങ്ങളൊക്കെ ഒഴിവാക്കി യഥാർത്ഥ സുഖം ലഭിക്കുന്നത് ആത്മാവിന്റെ സന്തോഷത്തിലാണെന്ന് നാം മനസ്സിലാക്കണം. നമ്മുടെ സൃഷ്ടാവുമായി അടുക്കുമ്പോഴാണ് ആത്മാവിന് ആ യഥാർത്ഥ സന്തോഷം ലഭിക്കുന്നത്. ദൈവത്തിലേക്ക് അടുക്കാനുള്ള വളരെ പ്രധാനപ്പെട്ട ഒരനുഗ്രഹമാണ് റമദാൻ മാസത്തിൽ നിർബന്ധമാക്കപ്പെട്ട നോമ്പ്. പലപ്പോഴും പാപങ്ങളിൽ വീണുപോയ നമുക്ക് തിരിച്ചുകയറാൻ സൃഷ്ടാവ് സ്നേഹത്തോടെ ഇട്ടുതരുന്ന കയറാണ് റമദാൻ. “റമദാനിൽ നമ്മുടെ ശരീരം ചുരുങ്ങും. ആത്മാവ് വലുതാകും. ആത്മാവിന് വേണ്ട ഭക്ഷണം ഇഷ്ടംപോലെ ലഭിക്കും. അതാണ് നമുക്ക് നോമ്പ് ഒരു പ്രശ്നമാകാത്തത്” എന്ന ഇമാം ഇബ്നു ഖയ്യിമിന്റെ വാക്കുകളും അദ്ദേഹം ഓർമ്മിപ്പിച്ചു. പാപങ്ങളിൽ പെട്ടുപോയ നമുക്ക് തിരിച്ചുകയറാൻ സൃഷ്ടാവ് തന്ന ഈ അവസരത്തിനോട് മുഖം തിരിക്കാതിരിക്കാനുള്ള വിവേകമാണ് നാം കാണിക്കേണ്ടതെന്നും അദ്ദേഹം ഉണർത്തി. ഷിഹാബ് സലഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.