ജിദ്ദ- അശരണർക്കും അനാഥർക്കും വേണ്ടി ജീവിതകാലം മുഴുവൻ പോരാടായി നേതാവിയിരുന്നു എം.കെ ഹാജിയെന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു. അനാഥത്വത്തിന്റ പ്രയാസങ്ങൾ ഏറെ അനുഭവിച്ച എം.കെ ഹാജി, കോളറ എന്ന മഹാമാരിക്ക് ശേഷം അനാഥത്വത്തിന്റെ മഹാ ഗർത്തത്തിലേക്ക് ആഴ്ന്നുപോയ പതിനായിരക്കണക്കിന് അനാഥകളുടെ സംരക്ഷകനായി. ജാതിമതഭേദമന്യേയാണ് അദ്ദേഹം അനാഥരായ കുട്ടികളെ സംരക്ഷിച്ചിരുന്നത്. കലാലയങ്ങളിൽ പോകാതെ ലക്ഷകണക്കിന് ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം മുതൽ സർവ്വകലാശാലവരെയുള്ള ഉന്നത വിദ്യാഭ്യാസത്തിന് വെളിച്ചം നൽകിയ സ്ഥാപന സമുച്ചയങ്ങൾ പടുത്തുയർത്തുകയും ചെയ്തുവെന്നും കെ.പി.എ മജീദ് പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇബ്രാഹിം പുനത്തിൽ രചിച്ച “എം.കെ ഹാജി ചരിത്ര പുസ്തകം” സൗദി തല പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സി കെ എ റസാക്ക് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു.
സമുദായത്തിന്റെ രാഷ്ട്രീയപരമായ ഉന്നമനത്തിന് വേണ്ടി തൻ്റെ സമകാലിക നേതാക്കളായ ഇസ്മായില്‍ സാഹിബ്, കെ.എം സീതിസാഹിബ്, ബി.പോക്കര്‍ സാഹിബ്, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങള്‍, കെ.എം മൗലവി, പി.എം. എസ്.എ പൂക്കോയ തങ്ങൾ, സി.എച്ച് മുഹമ്മദ് കോയ തുടങ്ങി മുസ്ലിം ലീഗിന്റെ മുൻനിര നേതാക്കൾക്കൊപ്പം ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിന് അദ്ദേഹത്തിന് മതപരമായ തന്റെ ആദർശം തടസ്സമായില്ലെന്ന് മാത്രമല്ല, പരസ്‌പര സാമുദായിക ഐക്യത്തിന് വേണ്ടിയും മത സൗഹാർദത്തിന് വേണ്ടിയും അദ്ദേഹം പരിശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അർക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടർ ആന്റ് സി.ഇ.ഒ സുനീർ അർക്കാസ്, ചെമ്പൻ അബ്ബാസ്, സി എച്ച് ബഷീർ, മുഹമ്മദലി വി മുസ്ലിയാർ, സാദിക്ക് തുവ്വൂർ എന്നിവർ പ്രസംഗിച്ചു. നാസർ എടവനക്കാട് പുസ്തകം പരിചയപ്പെടുത്തി. വി. പി മുസ്തഫ സ്വാഗതവും അബ്ദുറഹിമാൻ വെള്ളിമാടുകുന്ന് നന്ദിയും പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സൻ ബത്തേരി, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം, ഷൌക്കത്ത് ഞാറക്കോടൻ, സുബൈർ വട്ടോളി, സാബിൽ മമ്പാട്, ഹുസൈൻ കരിങ്കറ, ഷക്കീർ മണ്ണാർക്കാട്, എന്നിവർ നേതൃത്വം നൽകി.



