റിയാദ്: അൽ ഖർജിൽ രണ്ടാഴ്ച മുമ്പ് കാണാതായ കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നൗഷറിന്റെ സുഹൃത്തുക്കളായ മൂന്ന് പേർ പൊലീസ് പിടിയിലായതായി അറിഞ്ഞിരുന്നു. നൗഷറും ഇവർക്കൊപ്പം പൊലീസ് പിടിയിലായതായിരിക്കാമെന്ന നിഗമനത്തിലായിരുന്നു. തുടർന്ന് വിവിധ ജയിലുകളിൽ സാമൂഹ്യപ്രവർത്തകർ അന്വേഷിച്ചു വരുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ രൂക്ഷമായ ഗന്ധം പടർന്നതിനെ തുടർന്ന് താമസക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം റൂമിനുള്ളിൽ ജീർണ്ണിച്ച അവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധരും മുനിസിപാലിറ്റി അധികൃതരുമെത്തി നടപടിക്രമം പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
പ്രദേശത്തെ പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതനായ നൗഷറിന്റെ വിയോഗം അൽഖർജിലെ മലയാളികൾ ഞെട്ടലോടെയാണ് അറിഞ്ഞത്. അടുത്തിടെ ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നതായി പറയപ്പെടുന്നു. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.