ബിഷ(സൗദി അറേബ്യ)- കഴിഞ്ഞ മാസം സൗദിയിലെ ബീഷയിൽ വെടിയേറ്റു മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. കാസർക്കോട് സ്വദേശി ബഷീർ അസൈനാരുടെ മൃതദേഹമാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നത്. മൂന്ന് ആഴ്ച മുമ്പ് ബിഷക്ക് സമീപത്താണ് സൗദി പൗരന്റെ വെടിയേറ്റ് കാസർക്കോട് ജില്ലയിലെ എണിയാടി സ്വദേശി ബഷീര് അസൈനാർ കൊല്ലപ്പെട്ടത്.
ഒമ്പത് വർഷമായി ബിഷക്ക് സമീപം നാഖിയയിൽ ഹൗസ് ഡ്രൈവർ ആയി ജോലി നോക്കുകയായിരുന്നു. രാത്രി വാഹനത്തിന് അടുത്ത് നിൽക്കുന്നതിനിടെയാണ് ബഷീറിന് വെടിയേറ്റത്. വെടിവെപ്പിനുള്ള കാരണം ഇതേവരെ വ്യക്തമായിട്ടില്ല. ബിഷ കിംഗ് അബ്ദുള്ള ഹോസ്പിറ്റലിലുള്ള മൃതദേഹം പോസ്റ്റുമോർട്ടം നടപടിപകൾ പൂർത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. നിയമ നടപടി പൂർത്തിയാക്കാൻ ബീഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദാ കോൺസുലേറ്റ് സി.സി.ഡബ്യു.എ മെമ്പറുമായ അബ്ദുൾ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ബശീറിന്റെ കുടുംബം ചുമതലപ്പെടുത്തുകയായിരുന്നു. നിയമ സഹായത്തിനുo മറ്റും ഐസിഎഫിന്റെ റിയാദ് സെക്രട്ടറി കരീം ഇബ്രാഹിമും ബീഷയിൽ നിന്നു മുജീബ് സഖാഫിയും ഉണ്ടായിരുന്നു. ബിഷയിൽ നിന്ന് സൗദിയ വിമാനത്തിൽ ജിദ്ദ വഴി കോഴിക്കോട്ടേക്കാണ് മൃതദഹം കൊണ്ടുപോകുന്നത്.