ജിദ്ദ: പ്രവാസി മലയാളികളുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായ മലബാർ അടുക്കള ജിദ്ദ ചാപ്റ്ററിന്റെ 13-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. എസ്.എസ്.എ.ൽ.സി, പ്ലസ് ടു പരീക്ഷകളിലും മദ്റസ പഠനത്തിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു. ലോക മലബാർ അടുക്കളയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ജിദ്ദ ചാപ്റ്ററിന്റെയും ആഘോഷങ്ങൾ നടന്നത്.
അഹ്ദാബ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അൻവർ ഷാജ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാസു ഹംദാൻ, ഷമീല മൂസ, കെ.ടി. മുനീർ, ഖാജ എഞ്ചിനീയർ, ഹസൻ യമഹ, സലാഹ് കാരാടൻ, ഡോ. ഫൈസൽ, നിതേഷ്, റഷീദ് എന്നിവർ ആശംസകൾ നേർന്നു.
കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ ഓൺലൈൻ മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. “അമ്മക്കൊരു കുറിപ്പ്” എഴുത്തുമത്സരത്തിൽ രാജിയ വീരൻ, ഓൺലൈൻ ക്വിസ് മത്സരത്തിൽ ബ്ലെൻസി കുര്യൻ എന്നിവർ ഒന്നാം സ്ഥാനം നേടി. മാംഗോ റെസിപ്പി മത്സരത്തിൽ പങ്കെടുത്തവരെയും ആദരിക്കുകയുണ്ടായി. മീഡിയ രംഗത്തെ മികച്ച സേവനങ്ങൾ പരിഗണിച്ച് ജിദ്ദയിലെ A7 വീഡിയോഗ്രാഫർ ആസിഫ് പാലത്തിങ്കലിന് മലബാർ അടുക്കളയുടെ പ്രത്യേക ഉപഹാരം സമ്മാനിച്ചു. കൂട്ടായ്മയുടെ ഫൗണ്ടർ മുഹമ്മദലി ചാക്കോതിന് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.


മുഖ്യ സംഘാടകയും കോ-ഓർഡിനേറ്ററുമായ കുബ്റ ലത്തീഫ് ചടങ്ങുകളുടെ ആസൂത്രണത്തിന് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ ഷംസീറ, സാഹിറ സവാദ്, ആശിക് റംനാസ്, ശബ്ന, ഷാഹിദ ജലീൽ, സബ്രീന, മുംതാസ്, സുനീറ, ഫൈസ, മുബീ അൻവർ, ലത്തീഫ് മൊഗ്രാൽ എന്നിവർ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു. ആയിഷ ഷാമിസ്, ഹന എന്നിവർ അവതാരകരായിരുന്നു. പ്രവാസലോകത്തും നാട്ടിലും ഒരുപോലെ മാതൃകാപരമായ ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന മലബാർ അടുക്കളയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.



