മലപ്പുറം- പ്രവാസി ബിസിനസുകാരനും എഴുത്തുകാരനുമായ ഹംസ പൊന്‍മള രചിച്ച ലോക്ഡൗണ്‍ എന്ന മലയാളം നോവലിന്റെ തമിഴ് പരിഭാഷ പ്രകാശനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ രചിച്ച ലോക്ക്ഡൗണ്‍, ഹംസയുടെ ആദ്യ നോവല്‍ കൂടിയാണ്. ഞായറാഴ്ച സമാപിച്ച കോയമ്പത്തൂര്‍ പുസ്തകോത്സവത്തിലാണ് പ്രസിദ്ധ തമിഴ് എഴുത്തുകാരന്‍ എ. കരീം പുസ്തകം പ്രകാശനം ചെയ്തത്. കോവൈ മെഡിക്കല്‍ സെന്ററിലെ ഡോ. എന്‍. സെല്‍വരാജന്‍ എംഡി ആദ്യ പ്രതി ഏറ്റുവാങ്ങി. ‘എതിര്‍ വെളിയിടു’ പൊള്ളാച്ചിയാണ് തമിഴ് പതിപ്പ് പ്രസിദ്ധീകരിച്ചത്. പ്രശസ്ത എഴുത്തുകാരന്‍ ഡോ. ടി.എം. രഘുറാം തമിഴ് പരിഭാഷ നിര്‍വഹിച്ചു. എഴുത്തുകാരനായി വളരാന്‍ സഹായിച്ച അതുല്യ വ്യക്തികള്‍ക്ക് മനസാ നന്ദി അറിയിക്കുന്നതായി ഹംസ പൊൻമള പറഞ്ഞഉ. ടി. പത്മനാഭന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്നിവരാണ് എഴുത്തിലെ തന്റെ പ്രചോദനവും മാര്‍ഗദര്‍ശകരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ അന്താരാഷ്ട്ര ബിസിനസ് സ്ഥാപനത്തിന്റെ മിഡില്‍ ഈസ്റ്റ് മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഹംസ പൊന്മള, എഴുത്തിന്റെ ലോകത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന സര്‍ഗ പ്രതിഭയാണ്. ഫിക്ഷന്‍ എഴുത്തിന്റെ സിദ്ധി കരഗതമാക്കിയത് കൊവിഡ് കാലത്തായിരുന്നു. മാലിദ്വീപില്‍ ക്വാറന്റൈന്‍ കഴിച്ചുകൂട്ടുമ്പോള്‍ കൊവിഡ് ബാധിക്കുകയും വിദൂര ദ്വീപില്‍ കടുത്ത ഏകാന്തത അനുഭവിക്കുകയും ചെയ്ത ദിവസങ്ങളില്‍ നേരിട്ട മനോവിഷമങ്ങളും ആധികളും പിന്നീട് ജിദ്ദയില്‍ തിരിച്ചെത്തിയപ്പോള്‍ എഴുത്തിലൂടെ പുനരാവിഷ്‌കരിക്കാന്‍ നടത്തിയ ശ്രമത്തിന്റെ സാഫല്യമാണ് ലോക്ഡൗണ്‍ എന്ന നോവല്‍.
സൗദിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ 2021ൽ ഈ നോവല്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. പ്രവാസി വായനക്കാരില്‍ നിന്ന് വന്‍ സ്വീകാര്യതയാണ് ലോക്ഡൗണിന് ലഭിച്ചത്. പിന്നീട് കണ്ണൂര്‍ ന്യൂ ബുക്‌സ് പ്രസാധനം ഏറ്റെടുക്കുകയും മലയാള ചെറുകഥകളുടെ രാജശില്‍പി ടി. പത്മനാഭന്‍ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു. സസ്‌പെന്‍സിന്റെ നിഴലാട്ടം, ഒപ്പം ആത്മപീഡകളുടെ നോവും വേവും – ഇതാണ് ഹംസയുടെ രചനയെ വേറിട്ടു നിര്‍ത്തുന്നത്. ‘വെച്ചു കെട്ടി’ ന്റെ ഭാഷയ്ക്കും ശൈലിക്കും പകരം സ്വയംഭൂവായ, ആത്മാര്‍ത്ഥത തുടിക്കുന്ന അകൃത്രിമ രചനാരീതിയാണ് ഈ നോവലില്‍ സ്വീകരിച്ചിട്ടുള്ളത്. ഈ നോവലിനുള്ള ഭാവനാപൂര്‍ണമായ ചിത്രങ്ങള്‍ നാസര്‍ ബഷീര്‍ വരച്ചു. കാഴ്ച്ചയുടെ പുതിയൊരു മാനമാണ് ഈ ചിത്രകാരന്‍ നല്‍കിയിരിക്കുന്നത്.
പുതിയ നോവലിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ ഹംസ. ദുബായിലും സൗദിയിലും ബിസിനസുകള്‍ നടത്തുന്ന ഈ ചെറുപ്പക്കാരന്‍ കേരളത്തിലും പുറത്തും നടക്കുന്ന സാഹിത്യോത്സവങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ്. ഷാര്‍ജയിലാണ് താമസം. ഭാര്യ: മുനീറ. മക്കള്‍: അമേരിക്കയിലുള്ള ജൗഹര്‍, ഡോ. ദിന (പാലക്കാട്), ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഡാനിയ.