റിയാദ്: പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രതിനിധി സംഘം സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിക്ക് നിവേദനം സമര്‍പ്പിച്ചു. രാജ്യസഭാ എം.പി. അഡ്വ. ഹാരിസ് ബീരാന്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റിയാദിലെ എംബസി സന്ദര്‍ശിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രതിനിധികളെ സ്വീകരിച്ചു.
പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എം.പി.യും കെ.എം.സി.സി. നേതാക്കളും എംബസി ഉദ്യോഗസ്ഥരുമായി വിശദമായി ചര്‍ച്ച ചെയ്തു. പ്രവാസികളുടെ ക്ഷേമത്തിനായി എംബസി നല്‍കുന്ന സേവനങ്ങളെക്കുറിച്ച് അംബാസഡര്‍ സംഘത്തെ അറിയിച്ചു. പ്രതിനിധി സംഘത്തില്‍ ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, കെ.എം.സി.സി. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, അഡ്വ. അനീര്‍ ബാബു, അല്‍റയ്യാന്‍ ട്രാവല്‍സ് ജനറല്‍ മാനേജര്‍ ഫസലുറഹ്മാന്‍, മുജീബ് ഉപ്പട (കംഫർട്ട് ട്രാവൽസ്) എന്നിവരും പങ്കെടുത്തു.