റിയാദ്: ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ‘ദ വോയേജ്’ സംഘടനാ ശക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ‘കാലിഫ്’ കലയുടെ കാഴ്ചകള്‍ എന്ന ശീര്‍ഷകത്തില്‍ മാപ്പിള കലോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ മെയ് 8 ന് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന കലോത്സവം മൂന്ന് മാസം നീണ്ടുനില്‍ക്കും.
മലപ്പുറത്തിന്റെ വൈവിധ്യങ്ങളെ അനാവരണം ചെയ്തുള്ള ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റ് റിയാദിന്റെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പരിപാടിയായിരിക്കും. മലപ്പുറത്തിന്റെ പൈതൃകം, കല, സാഹിത്യം സൗഹാര്‍ദ്ദം തുടങ്ങിയ വിഷയങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ചക്കെടുക്കുകയാണ് ഫെസ്റ്റിന്റെ ഉദ്ദേശ്യം.
അന്യംനിന്ന് പോകുന്ന മാപ്പിള കലകളുടെ അത്യപൂര്‍വ സൗരഭ്യം പ്രവാസലോകത്ത് പരത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മാപ്പിള കലോത്സവത്തില്‍ തനത് മാപ്പിളപ്പാട്ടുകള്‍, പ്രവാചക മദ്ഹ് ഗാനങ്ങള്‍, ഒപ്പന, കുട്ടികള്‍ക്കായുള്ള നേതൃ സ്മൃതികഥപറച്ചില്‍, മുദ്രാവാക്യം വിളി, പ്രസംഗം, മാപ്പിളപ്പാട്ട് രചന, ഉപന്യാസ രചന, അറബിമലയാളം കയ്യെഴുത്ത്, ചിത്രരചന, കളറിംഗ്, മെഹന്തി ഫെസ്റ്റ് തുടങ്ങി വിവിധ ഇനങ്ങള്‍ അരങ്ങേറും. മലപ്പുറം ജില്ലയിലെ 16 മണ്ഡലം കെഎംസിസി കമ്മിറ്റികളുടെ ബാനറില്‍ നൂറ് കണക്കിന് പ്രവാസികള്‍ വിവിധ ദിവസങ്ങളില്‍ വിവിധ വേദികളില്‍ നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരക്കും.
ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ബുക്ക് ഫെസ്റ്റ്, പാനല്‍ ചര്‍ച്ചകള്‍, ഓദഴ്‌സ് ഇവന്റുകള്‍,വിവിധ സാംസ്‌കാരിക പരിപാടികള്‍, മാപ്പിള കലകളുടെ പ്രദര്‍ശനം, എക്‌സിബിഷന്‍ തുടങ്ങി വര്‍ണാഭമായ പരിപാടികള്‍ അരങ്ങേറും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘ദി വോയേജ്’ സംഘടനാ ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി വിവിധ പരിപാടികള്‍ നടക്കുകയുണ്ടായി. ചന്ദ്രിക വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്ന ക്യാമ്പയിനില്‍ അഞ്ഞൂറിലധികം ആളുകളെ ചേര്‍ത്തു. നോര്‍ക്ക ക്യാമ്പയിനിന്റെ ഭാഗമായി നൂറുകണക്കിന് പ്രവാസികളെ നോര്‍ക്കയില്‍ അംഗത്വമെടുപ്പിക്കുകയും ക്ഷേമനിധി, പ്രവാസി ഇന്‍ഷൂറന്‍സ് എന്നിവയില്‍ ചേര്‍ക്കുകയും ചെയ്തു.
കെഎംസിസി കമ്മിറ്റികളുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മക്കളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. സാമൂഹ്യ സേവന പ്രവര്‍ത്തനം നടത്തുന്ന മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിംഗില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് പരിശീലനവും ശില്‍പശാലയും സംഘടിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രവര്‍ത്തകര്‍ക്ക് പുതിയ കാലത്തെ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. ജില്ലാ കെഎംസിസിയുടെ സാംസ്‌കാരിക വിഭാഗമായ സംസ്‌കൃതിയുടെ നേതൃത്തില്‍ മാഗസിന്‍ പുറത്തിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
മലപ്പുറം ജില്ലയിലെ 32 പഞ്ചായത്ത് കെഎംസിസി കമ്മിറ്റികളെ പങ്കെടുപ്പിച്ച് ‘ബെസ്റ്റ് 32’ എന്ന പേരില്‍ മലപ്പുറം ജില്ലാ കെഎംസിസി യുടെ കായിക വിഭാഗമായ ‘സ്‌കോര്‍’ ഫൈവ്‌സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. വിവിധ നിയോജമണ്ഡലങ്ങളില്‍ നിന്ന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത, പഞ്ചായത്ത്മുനിസിപ്പല്‍മണ്ഡലം ഭാരവാഹികള്‍ക്ക് മാത്രമായി നടത്തിയ ‘ചെരാത്’ ഏകദിന ക്യാമ്പ് ഉള്ളടക്കം കൊണ്ടും വിഷയ വൈവിദ്ധ്യം കൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്നു. ജില്ലാ കെഎംസിസി യുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജമാകുന്ന നിരവധി പദ്ധതികള്‍ ക്യാമ്പില്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചകളുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. റൂട്ട് 106 എന്നപേരില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രത്യേക സമ്മേളനങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് സൂപ്പര്‍ 16 എന്ന പേരില്‍ പതിനാറ് നിയോജകമണ്ഡലം കമ്മിറ്റികളും സമ്മേളനം സംഘടിപ്പിക്കും.
മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് നടപ്പിലാക്കിയ സീതി സാഹിബ് അക്കാദമിയ സാമൂഹ്യ പഠന കേന്ദ്രത്തിന്റെ ഓഫ് ക്യാമ്പസ് റിയാദില്‍ സ്ഥാപിക്കും. കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തിലാണ് പഠനകേന്ദ്രം സ്ഥാപിക്കുക. സംഘടനക്കകത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള വര്‍ക്ക്‌ഷോപ്പ് കഴിഞ്ഞ ദിവസം നടന്നു. മരണപ്പെട്ട നേതാക്കളുടെ ഓര്‍മ്മകള്‍ പങ്ക് വെക്കുന്ന നേതൃസ്മൃതി, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, കുട്ടികളെ സംഘടിപ്പിച്ചുള്ള എം എസ് എഫ് ബാലകേരളം, വനിത കെഎംസിസിക്ക് ജില്ലാ തല ഘടകം രൂപീകരിക്കല്‍ തുടങ്ങിയ പരിപാടികള്‍ അടുത്ത മാസങ്ങളിലായി നടക്കും. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് , ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, കാലിഫ്’ ഡയറക്ടര്‍ ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ട്രഷറര്‍ മുനീര്‍ വാഴക്കാട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുനീര്‍ മക്കാനി, ടെക്‌നിക്കല്‍ സമിതി അംഗം നവാസ് കുറുങ്കാട്ടില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.