റിയാദ് : വനിതാദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി സംഘടിപ്പിക്കുന്ന ‘ജ്വാല 2025’ ഏപ്രില്‍ 25 വെള്ളിയാഴ്ച ദറാത് സലാം ഇന്റര്‍നാഷണല്‍ ദല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താസമേളനത്തില്‍ അറിയിച്ചു.ഇക്കൊല്ലവും അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് തന്റേതായ മേഖലയില്‍ കഴിവ് തെളിയിച്ച വനിതയെ കേളി കുടുംബവേദി ‘ജ്വാല അവാര്‍ഡ് 2025’ നല്‍കി ആദരിക്കും. മുന്‍ വര്‍ഷങ്ങളില്‍ കല,സാഹിത്യ, കായിക വിഭാഗങ്ങളില്‍ കഴിവ് തെളിയിച്ചവരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. റിയാദിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പദത്തില്‍ എത്തിയ ആദ്യ വനിതയായ മീര റഹ്മാനാണ് കേളി കുടുംബവേദി ജ്വാല 2025 അവാര്‍ഡ് ജേതാവ്. അധ്യാപിക, സൂപ്പര്‍വൈസര്‍, ഹെഡ്മിസ്ട്രസ്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍, സി.ബി.എസ്.ഇ സെന്‍ട്രല്‍ ബോര്‍ഡ് പരീക്ഷാ സൂപ്രണ്ട്, വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ 35 വര്‍ഷത്തെ അനുഭവ സമ്പത്തുമായാണ് അവര്‍ റിയാദിലെ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ അമരത്തെത്തുന്നത്. അവാര്‍ഡ് ദാനത്തോടൊപ്പം കുടുംബവേദിയിലെ വനിതകളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍, റിയാദിലെ വിവിധ ഡാന്‍സ് സ്‌കൂളിലെ അധ്യാപകരുടെ ശിക്ഷണത്തില്‍ അവതരിപ്പിക്കപ്പെടുന്ന കലാപരിപാടികള്‍, റിയാദിലെ അറിയപ്പെടുന്ന ഗായകര്‍ നയിക്കുന്ന ഗാനമേള, ബീറ്റ്‌സ് ഓഫ് റിയാദ് അവതരിപ്പിക്കുന്ന വാദ്യമേളം എന്നിവ ജ്വാലയില്‍ അവതരിപ്പിക്കും. ചലച്ചിത്ര ടെലിവിഷന്‍ താരവും പ്രൊഡ്യൂസറുമായ ദിവ്യദര്‍ശന്‍ മുഖ്യാതിഥിയായി എത്തുന്നുണ്ട്. റിയാദിലെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സ്റ്റാള്‍ സംവിധാനം, തികച്ചും സൗജന്യമായി ജ്വാലയില്‍ ഒരുക്കി കൊടുക്കുന്നുണ്ട്.
സാംസ്‌കാരിക സമ്മേളനം ദമാം നവോദയ കേന്ദ്ര കമ്മിറ്റി അംഗവും കേന്ദ്ര വനിതാ വേദി കണ്‍വീനറുമായ ഡോ: രശ്മി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന മൈലാഞ്ചിയിടല്‍ മത്സരത്തോടെ രണ്ടു മണി മുതല്‍ പരിപാടി ആരംഭിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ചെയര്‍പേഴ്‌സണ്‍ വിഎസ് സജീന, കണ്‍വീനര്‍ വിജില ബിജു, സാമ്പത്തികം ഷഹീബ, മൈലാഞ്ചി ഇടല്‍ മത്സരം കോഓഡിനേറ്റര്‍മാര്‍ ശ്രീഷ സുകേഷ് എന്നിങ്ങനെ 101 അംഗ സംഘാടക സമിതി നേതൃത്വം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി സീബാ കൂവോട്, പ്രസിഡണ്ട് പ്രിയാ വിനോദ്, ട്രഷറര്‍ ശ്രീഷാ സുകേഷ്, കണ്‍വീനര്‍ വിജുലാ ബിജു, ചെയര്‍ പേഴ്‌സണ്‍ സജീന വിഎസ്, പ്രോഗ്രാം കമ്മിറ്റി ഗീത ജയരാജ്, രക്ഷാധികാരി കെപിഎം സാദിഖ് എന്നിവര്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group