ജിദ്ദ: മാനവിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി, ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. പഴയകാല തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികളുടെ ഈ കൂട്ടായ്മ ഒരുക്കിയ ഇഫ്താർ, ജിദ്ദയിലെ പ്രവാസി മലയാളികൾക്ക് ഒത്തുചേരാനും സ്നേഹം പങ്കുവെക്കാനുമുള്ള അവിസ്മരണീയമായ വേദിയായി മാറി. തിരുവിതാംകൂർ ശൈലിയിലുള്ള വൈവിധ്യമാർന്ന നോമ്പുതുറ വിഭവങ്ങൾ ഇഫ്താറിന് തനിമയേകി.
കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക, സംഘടനാ പ്രവർത്തകർ ഒരേ മനസ്സോടെ സ്നേഹസംഗമത്തിൽ അണിചേർന്നു.


മാനവിക ഐക്യത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ കരുതലും ചേർത്തുപിടിക്കലുമാണ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വസന്തം വിരിയിക്കുന്നതെന്ന് റമദാൻ സന്ദേശം നൽകിയ ഉസ്താദ് നുജുമുദ്ദീൻ ബുർഹാനി ഓർമ്മിപ്പിച്ചു. സഹജീവികളോടും നാം വസിക്കുന്ന പ്രകൃതിയോടും പ്രതിബദ്ധതയും സൂക്ഷ്മതയും പുലർത്തുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെ.ടി.എ ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് നൗഷാദ് ജമാൽ പന്മന അധ്യക്ഷത വഹിച്ച ചെയർമാൻ നസീർ വാവാക്കുഞ്ഞ് ആശംസകൾ നേർന്നു. ട്രഷറർ രഞ്ജിത്ത് വള്ളികുന്നം നന്ദി രേഖപ്പെടുത്തി.
അനിൽ വിദ്യാധരൻ, രജികുമാർ, മസൂദ് ബാലരാമപുരം, ആഷിർ കൊല്ലം, ഷെഫിൻ ഷാ, മുനാജ് മുസ്തഫ, അനിൽകുമാർ പത്തനംതിട്ട, നജീബുദ്ദീൻ, നിസാർ കരുനാഗപ്പള്ളി, ആദിൽ നവാസ് ചിറ്റാർ, ശിഹാബ് താമരക്കുളം, ഷാജി റോയൽ വള്ളികുന്നം, ഷറഫുദീൻ പത്തനംതിട്ട, അയ്യൂബ് ഖാൻ പന്തളം, നിഷാദ് കരുനാഗപ്പള്ളി, ഡെൻസൻ, രാംകുമാർ, പോൾ, ബിനു ദാസ്, ജ്യോതി ബാബുകുമാർ, ശ്രീദേവി അനിൽ, സിത്താര നൗഷാദ്, ഷൈമോൾ, ഫാത്തിമ നിഷാദ്, പ്രീത, ആശ, ആതിര, ഹസീന നവാസ്, മറിയം റോസ് എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.



