ജിസാൻ: ജിസാൻ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ അഭിമാന പദ്ധതിയായ പ്രവാസി കെയർ സുരക്ഷാ പദ്ധതിയുടെ വിജയത്തിനായി പ്രയത്നിച്ച കോർഡിനേറ്റർമാരെ അനുമോദന പത്രം നൽകി ആദരിച്ചു. ജിസാൻ ദാൻ ഇസ്തിറാഹയിൽ നടന്ന സ്നേഹവിരുന്നിൽ, സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള 16 ഏരിയ കമ്മിറ്റികളിൽ നിന്ന് നിരവധി പ്രവർത്തകർ പങ്കെടുത്തു.
പൊതുപരിപാടി ജിസാൻ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഖാലിദ് പട്ല സ്വാഗതം ആശംസിച്ചു.
പ്രവാസി കെയർ പദ്ധതിയിൽ അംഗങ്ങളെ ചേർത്തതിൽ മികച്ച പ്രകടനം കാഴ്ചവെച്ച സബിയ, ബൈഷ്, അബുഅരീഷ് ഏരിയ കമ്മിറ്റികൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഇവർക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന്, 16 ഏരിയ കോർഡിനേറ്റർമാർക്കുള്ള അനുമോദന പത്രവും വിതരണം ചെയ്തു.
പദ്ധതിയുടെ വിജയത്തിനായി എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച കൺവീനർ ബഷീർ ആക്കോടിനെ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. ഹാരിസിന്റെ മരുമകൻ മുഹമ്മദ് ഉവൈസിനെ ഇന്ത്യൻ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുത്തതിന്റെ സന്തോഷം പങ്കിട്ട് മധുരവിതരണം നടത്തി. സുൽഫി കോഴിക്കോടിന്റെയും അബ്ബാസ് പട്ടാമ്പിയുടെയും നേതൃത്വത്തിൽ നടന്ന ഇശൽ സന്ധ്യ സദസ്സിന് ആവേശം പകർന്നു.


നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഗഫൂർ വാവൂർ, ട്രഷറർ ഡോ. മൻസൂർ നാലകത്ത്, നാസർ വി.ടി. ഇരുമ്പുഴി, സാദിഖ് മാസ്റ്റർ മങ്കട, ബഷീർ ആക്കോട്, പി.എ. സലാം പെരുമണ്ണ എന്നിവർ സംസാരിച്ചു. ജസ്മൽ വളമംഗലം, ഗഫൂർ മൂന്നിയൂർ, നാസർ വാക്കാലൂർ, സിറാജ് പുല്ലൂരാംപാറ, സുബൈർഷ കാവനൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി മൂസ വലിയോറ നന്ദി പ്രകാശിപ്പിച്ചു.