ജിദ്ദ- വേനൽ ചൂടിൽ ജിദ്ദ പ്രവാസികൾക്ക് കുളിരേകാൻ കലാ, വിനോദ വിരുന്നൊരുക്കി സമ്മർ ഫെസ്റ്റ് 2025 വെള്ളിയാഴ്ച മഹ്ജറിലെ അൽ ഖുബ്ബ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കാരംസ്, ചെസ് മത്സരങ്ങളുടെ ഫൈനൽ മത്സരങ്ങളും, ജൂനിയർ, സീനിയർ വിഭാഗങ്ങളുടെ മെഹന്ദി മത്സരങ്ങളും വിപുലമായി നടക്കും. പ്രമുഖ ഗായകരെ അണിനിരത്തുന്ന സംഗീത നിശയും ഫെസ്റ്റിന്റെ ഭാഗമാണ്.
വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. മെഹന്ദി മത്സരങ്ങളിൽ പങ്കെടുക്കാനുള്ള റെജിസ്ട്രേഷൻ വ്യാഴാഴ്ച വരെയുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ജിദ്ദയിൽ ഏറ്റവും വലിയ മെഹന്ദി ഫെസ്റ്റിവൽ ആയി ഇതു മാറുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ആദ്യ ഘട്ട കാരംസ്/ചെസ്സ് മത്സരങ്ങൾക്ക് മികച്ച ജനപങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു.
പട്ടുറുമാൽ എന്ന സംഗീത പരിപാടിയിലൂടെ പ്രശസ്തനായ സജീർ, പിന്നണി ഗായികയായ ജസീറ പയ്യന്നൂർ, ജിദ്ദയിലെ അറിയപ്പെടുന്ന ഗായകനായ നഈം സിന്ധി എന്നിവരായിരിക്കും സംഗീതരാവിൽ മനോഹരമായ ഗാനങ്ങളുമായെത്തുക. കൂടാതെ ജിദ്ദയുടെ സ്വന്തം ഗായകരും പരിപാടിയിൽ അണിനിരക്കും.
ജിദ്ദയിലെ എല്ലാ ഭാഗത്തുള്ളവർക്കും വേഗത്തിൽ എത്തിപ്പെടാവുന്ന മഹ്ജറിലെ അൽ ഖുബ്ബ ഓഡിറ്റോറിയത്തിൽ വിശാലമായ പാർക്കിങ്ങ് സൗകര്യമുണ്ടെന്നും സംഘാടകർ അറിയിച്ചു. ഇജ്ലു ഇവന്റ് വൈബ്സ് ആണ് സംഘാടകർ. ചെയർമാൻ ഇസ്മായിൽ മണ്ണാർക്കാട്, ജനറൽ കൺവീനർ റാഫി ബീമാപ്പള്ളി, ഇവന്റ് കോർഡിൻറ്റർ റിയാസ് മേലാറ്റൂർ, പരിപാടിയുടെ കൺവീനർ അയ്യൂബ് മുസ്ലിയാരകത്ത്, റാഫി ആലുവ, സബീന റാഫി, ഷമീം അയ്യൂബ്, മൗഷ്മി ശരീഫ്, റമീസ് റാഫി, ആമിന റാഫി ബീമാപ്പള്ളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.