ജിദ്ദ- സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടിയാണ് ഇസ്ലാം അവർക്ക് ‘ഹിജാബ്’ നിർബന്ധമാക്കിയതെന്നും നമ്മുടെ നാട്ടിലെ പല സെലിബ്രിറ്റികൾ പോലും സുരക്ഷിതമല്ലാത്തയിടങ്ങളിലൂടെ പോകുമ്പോൾ ഈ വേഷം ധരിക്കാറുണ്ടെന്നും ഇസ്ലാഹീ പ്രഭാഷകൻ ഷിഹാബ് സലഫി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘ശിരോവസ്ത്രവും വിശുദ്ധ വസ്ത്രവും’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനുണ്ടായത് മുതൽ അവനിലുള്ള നഗ്നതാബോധത്തിന് പരിഹാരമായിട്ടാണ് നമ്മുടെ സൃഷ്ടാവ് അവനു വേണ്ട വസ്ത്രങ്ങൾ സംവിധാനിച്ചത്. മുടി മറക്കാതെ പ്രാർത്ഥിക്കുന്നതിനേക്കാൾ നല്ലത് അത് കത്രിച്ചു കളയുകയാണെന്ന ബൈബിൾ വചനത്തിൽ നിന്ന് സ്ത്രീകളുടെ ശിരോവസ്തം പ്രവാചകൻ മുഹമ്മദ് നബി ലോകത്ത് പുതുതായി അവതരിപ്പിച്ച ഒന്നല്ലെന്ന് നമുക്ക് മനസ്സിലാക്കാം.
ഹിജാബ് വിവാദമുണ്ടായ സ്കൂളിലെ പ്രിൻസിപ്പൽ പോലും ബൈബിൾ ശാസനയനുസരിച്ചുള്ള വേഷം ധരിച്ചുകൊണ്ടാണ് തല മറച്ച കുട്ടിയെ കണ്ടാൽ മറ്റു വിദ്യാർത്ഥികൾ പേടിക്കുമെന്ന് പറയുന്നത്. ഇസ്ലാമിന്റെ ശിരോവസ്ത്രം കണ്ടാൽ ഭയപ്പെടുകയും വിശുദ്ധ വസ്ത്രം ധരിച്ചാൽ കുഴപ്പില്ലെന്നുമുള്ള രീതിയിൽ അവതരിപ്പിക്കുകയും നാട്ടിലെ മീഡിയകളടക്കം ഇടപെട്ട് ഇതൊരു സാമുദായിക ദ്രുവീകരണത്തിലേക്ക് പോകുമെന്ന ആശങ്കയുണ്ടായതിനാലുമാണ് എറണാകുളത്തെ സ്കൂളിലെ പല രക്ഷിതാക്കളും പരാതിയില്ലെന്ന് പറഞ്ഞത്. എന്നാൽ ഒരു വിശ്വാസി ഒന്നാമതായി ധരിക്കേണ്ട ‘ദൈവഭയത്തിന്റെ’ വസ്ത്രം ധരിക്കുന്നതോടെ ഇത്തരം പ്രതിസന്ധികളൊന്നും അയാളെ ബാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.



