ജിദ്ദ– പല മഹാന്മാരും ഈ ലോകത്ത് ജീവിച്ചു പോയിട്ടുണ്ടെങ്കിലും അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ)യെപ്പോലെ സ്വന്തം അനുയായികളാൽ സ്നേഹിക്കപ്പെടുന്ന ഒരു മനുഷ്യനും ഇന്നു വരെ കടന്നുപോയിട്ടില്ലെന്ന് ഐഎസ്എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് തൻസീർ സ്വലാഹി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ ‘അനുസരണമാണ് ഹുബ്ബുന്നബി, ആഘോഷങ്ങളല്ല” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വിശ്വാസിക്ക് തന്റെ മാതാപിതാക്കൾ, മക്കൾ, ബന്ധുക്കൾ, സമ്പത്ത്, കച്ചവടം, വീടുകൾ, സ്വന്തം ശരീരത്തിന്റെ താല്പര്യങ്ങൾ തുടങ്ങി സകലതിനെക്കാളും ഈ ലോക സൃഷ്ടാവിനെയും അവന്റെ പ്രവാചകനെയും അവന്റെ മാർഗത്തിലുള്ള ധർമ്മസമരത്തെയും ഇഷ്ടപ്പെടുന്നത് വരെ അവൻ പൂർണ്ണ വിശ്വാസി ആവുകയില്ല എന്ന് പഠിപ്പിക്കുന്ന ഖുർആൻ വചനങ്ങളും പ്രവാചക അധ്യാപനങ്ങളും ജനങ്ങൾ പിന്തുടരുന്നത്കൊണ്ടാണ് ഇന്നും ലോകത്ത് പ്രവാചകനെ സ്നേഹിക്കാൻ വിശ്വാസികൾ തയ്യാറാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മതത്തിൽ പുതുതായി ചേർക്കപ്പെട്ടതെല്ലാം തള്ളിക്കളയണമെന്ന പ്രവാചകാധ്യാപനം മുറുകെ പിടിച്ചുകൊണ്ട് പുതുനിർമ്മിതികൾക്കെതിരെ മാന്യമായ രീതിയിൽ നാം ബോധവൽക്കരണങ്ങൾ തുടരണമെന്നും അദ്ദേഹം ഉണർത്തി. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.