ജിദ്ദ- ഒരു പ്രദേശത്തെ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കൽ അവിടെയുള്ള മുസ്ലിങ്ങളുടെ ബാധ്യതയാണെന്ന് ഇസ്ലാഹീ പ്രഭാഷകൻ ഫിറോസ് കൊയിലാണ്ടി അഭിപ്രായപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ‘ഭീകരാക്രമണം : ഇസ്ലാമിന് പറയാനുള്ളത്’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകൻ ഇബ്രാഹിം നബി മക്ക പട്ടണത്തിന് വേണ്ടി പ്രാർത്ഥിച്ചത് ആ നാട് നിർഭയമാക്കാനും അവിടെയുള്ളവർക്ക് ഉപജീവനം നൽകാനുമായിരുന്നു. അതുപോലെ അന്ത്യപ്രവാചകൻ മുഹമ്മദ് നബിയും സമാധാന ഉടമ്പടികൾ ഉണ്ടാക്കുന്നതിനായിരുന്നു എക്കാലത്തും പ്രാധാന്യം നൽകിയത്. ഒരു സമൂഹത്തോട് എതിർപ്പുണ്ടെങ്കിലും അവരോട് അനീതി കാണിക്കാൻ പാടില്ലെന്നും ഒരു മനുഷ്യനെ കൊന്നാൽ ഭൂമിയിലെ മുഴുവൻ മനുഷ്യരെയും കൊന്നതിന് തുല്യമാണെന്നും ഒരാളുടെ ജീവൻ രക്ഷിച്ചാൽ മുഴുവൻ മനുഷ്യരുടെയും ജീവൻ രക്ഷിച്ചതിന് തുല്യമാണെന്നുമൊക്കെയാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്.
താത്വികമായി എല്ലാ മതങ്ങളും അക്രമത്തിന് എതിരാണ്. എന്നാൽ പേരിൽ തന്നെ ‘സമാധാനം’ എന്ന ആശയം ഉൾക്കൊള്ളുന്ന മതമാണ് ഇസ്ലാം. ഈ ഭീകരാക്രമണത്തിന്റെ ഇടയിലും മതത്തിന്റെ യഥാർത്ഥ സത്ത ഉൾക്കൊണ്ട പല കാശ്മീരി യുവാക്കളുടെ പ്രവർത്തികൾ നമുക്ക് മീഡിയ വഴിയും അനുഭവസ്ഥർ വഴിയും അറിയാൻ കഴിഞ്ഞു.
എന്നാൽ ഏത് നിലക്കും സമാധാനത്തിന്റെ വക്താക്കളായ ഇസ്ലാമിക വിശ്വാസികളെ അക്രമത്തിന്റെ വിഭാഗമായി ചിത്രീകരിക്കാൻ ഇന്ന് തീവ്രമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഒരു സമുദായത്തെ അരികുവൽക്കരിച്ചുകൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യലാണ് ചിലരുടെ ലക്ഷ്യം. ആദ്യം ബാബരി മസ്ജിദിൽ കൈവെച്ച് പിന്നീട് പല പള്ളികളിലേക്കും നീങ്ങിയ അവർ ഇപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള വഖഫ് സ്വത്തുക്കളിലേക്ക് വരെ എത്തിയിരിക്കുന്നു. എന്നാൽ ഇത്തരം കാര്യങ്ങളിലൊക്കെ നമ്മൾ ഭരണഘടന ഉറപ്പ് നൽകുന്ന സുരക്ഷ ഉപയോഗിച്ച് പോരാടുകയാണ് വേണ്ടതെന്നും ശത്രുക്കളുടെ കെണിയിൽ വീണുപോകുന്ന രീതിയിൽ വൈകാരികമായി പ്രതികരിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞ ചടങ്ങിൽ അമീൻ പരപ്പനങ്ങാടി അധ്യക്ഷത വഹിക്കുകയും ഷാഫി ആലപ്പുഴ നന്ദിയറിയിക്കുകയും ചെയ്തു.