റിയാദ്: ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹം ജീവിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാവിയെ അവതാളത്തില്‍ ആക്കാന്‍ സാധ്യതയുള്ള ഒരു സാംസ്‌കാരിക അധിനിവേശത്തിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി. കെ. അഷ്‌റഫിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തികച്ചും അപലപനീയമാണെന്ന് ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകളുടെ സൗദി ദേശീയ സമിതി സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാനുസൃതമായി അനുവദിക്കപ്പെട്ട ഒരു ദേശത്ത് ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും വേദിയൊരുക്കാതെ, അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തിനുമേല്‍ സര്‍ക്കാര്‍ പൊടുന്നനെ അടിച്ചേല്‍പ്പിച്ച സൂംബാ ഡാന്‍സ് വിഷയത്തില്‍ പ്രതികരിച്ചതിന്നാണ് നടപടി.
സമൂഹത്തെ മുച്ചൂടം ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ സമൂഹത്തില്‍ പൊതുവിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രത്യേകിച്ചും ശക്തവും ക്രിയാത്മകവുമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള ടി കെ അഷ്‌റഫിന്റെ പ്രസ്താവനയെയും ഒപ്പം സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന വിയോജിപ്പുകളെയും ദുര്‍വ്യാഖ്യാനിച്ച് സ്ത്രീ വിരുദ്ധതയായും പ്രാകൃതമായും ചിത്രീകരിക്കുവാനും ചില പദപ്രയോഗങ്ങളുടെ ചാപ്പ കുത്തി വിയോജിക്കുന്നവരെ അപരവല്‍ക്കരിക്കുവാനുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. മര്‍മ്മ പ്രധാനമായ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു മതത്തെയും സംസ്‌കാരത്തെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് വാര്‍ത്താ ചാനലുകളിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും ചര്‍ച്ചകള്‍ വഴിമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് ആശ്ചര്യകരമാണ്.
ധാര്‍മികതയും മാനവിക മൂല്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയും കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ട കലാലയങ്ങളെ ആഭാസങ്ങളിലേക്ക് വഴിതിരിച്ചു വിടാന്‍ മാത്രം പര്യാപ്തമാകുന്ന വേണ്ടത്ര പoനങ്ങള്‍ നടത്താതെ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സാംസ്‌കാരിക അധിനിവേശങ്ങള്‍ക്കെതിരെ സമൂഹം ഉണരണമെന്നും, എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ദേശീയ സമിതി ജനറല്‍ സെക്രട്ടറി ഉമര്‍ ശരീഫ് ആമുഖ ഭാഷണം നടത്തി. പ്രസിഡന്റ് പി.കെ.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയേറ്റ് അംഗങ്ങളായ ബി.വി.സകരിയ്യ, ഫൈസല്‍ വാഴക്കാട്, അര്‍ശദ് ബിന്‍ ഹംസ, ആസിം, ഉസാമ ബിന്‍ ഫൈസല്‍ സംസാരിച്ചു.