മക്ക: മക്കയിൽ ഇന്ത്യൻ എംബസിയുടെ കീഴിൽ സ്കൂൾ അനിവാര്യമാണെന്ന് ഈ മേഖലയിലെ വിവിധ സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. .മലയാളീ നഴ്സസ് ഫോറം (എം.എൻ.എഫ് ) അസിസിയ്യയിലെ പാനൂർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മക്കയിലെ വിവിധ രാഷ്ട്രീയ സാമൂഹിക പ്രാദേശിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
കഴിഞ്ഞ മാസം എം.എൻ.എഫ് ഭാരവാഹികളും രക്ഷിതാക്കളും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായി നടക്കുന്ന കുട്ടികളുടെ വിവര ശേഖരണം വേഗത്തിൽ തീർക്കുക എന്ന കാര്യത്തിൽ പിന്തുണയും സഹകരണവും എല്ലാ പ്രതിനിധികളും വാഗ്ദാനം ചെയ്തു. മക്കയിലെ നിലവിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യഭ്യാസ പ്രശ്നങ്ങൾ ,ഒരു ഇന്ത്യൻ എംബസി സ്കൂൾ നിലവിൽ വരാൻ വേണ്ട വ്യത്യസ്ത തലത്തിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ ,ഇതിനു മുൻകാലങ്ങളിൽ പ്രവർത്തിച്ചവരുടെ അനുഭവങ്ങൾ എന്നിവ ചർച്ചയിൽ പങ്കെടുത്തവർ പങ്കുവെച്ചു.
ഇവിടെ നിലവിൽ സ്ഥിരം താമസക്കാരും വിസിറ്റ വിസയിലുള്ള കുട്ടികളും മെച്ചപ്പെട്ട വിദ്യഭ്യാസ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ നാട്ടിൽ സ്ഥിര താമസമാക്കിയ കുട്ടികളും മറ്റുള്ളവരും രജിസ്ട്രേഷൻ ലിങ്ക് എത്രയും പെട്ടെന്ന് പൂരിപ്പിച്ചു നൽകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പ്രസിഡന്റ് മുസ്തഫ മലയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ സാലിഹ് സ്വാഗതവും ട്രഷറർ നിസ നിസാം നന്ദിയും പറഞ്ഞു .