ജിസാൻ– ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻറെ (ജല) ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചർച്ച സംഘടിപ്പിച്ചു. ജിസാൻ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് റോഡിലുള്ള ജല ആഫീസ് ഹാളിൽ നടന്ന ആഘോഷപരിപാടികൾ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്തു. ‘ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ രക്ഷാധികാരി സതീഷ് കുമാർ നീലാംബരി വിഷയം അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ഡോ.രമേശ് മുച്ചിക്കൽ അധ്യക്ഷത വഹിച്ചു. വർത്തമാനകാലത്ത് ഇന്ത്യൻ ഭരണഘടനയും ദേശീയതയും മതനിരപേക്ഷതയും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണ്. ദേശീയ നേതാക്കളും സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവരും സ്വപ്നം കണ്ട ഇന്ത്യ എന്ന മഹത്തായ ആശയവും ബഹുസ്വരമൂല്യങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനാധിപത്യ സംവിധാനത്തെ ദുരുപയോഗപ്പെടുത്തി സമഗ്രാധിപത്യസ്വഭാവമുള്ള മതരാഷ്ട്രത്തിനായി സംഘപരിവാർ ഗൂഢനീക്കങ്ങൾ നടത്തുകയാണെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു.
ഡോ.ജോ വർഗീസ്, നൗഷാദ് പുതിയതോപ്പിൽ, മനോജ് കുമാർ, കോശി, ജോർജ് തോമസ്, ഹർഷാദ് അമ്പയക്കുന്നുമ്മേൽ, അന്തുഷ ചെട്ടിപ്പടി, ബാലൻ കൊടുങ്ങല്ലൂർ, ബിനു ബാബു, ഗഫൂർ പൊന്നാനി, ജബ്ബാർ പാലക്കാട്, സലിം മൈസൂർ എന്നിവർ ചർച്ചയിൽ സംസാരിച്ചു. ‘ജല’യുടെ സെക്രട്ടറി സണ്ണി ഓതറ സ്വാഗതവും വൈസ് പ്രസിഡന്റ് ഹനീഫ മുന്നിയൂർ നന്ദിയും പറഞ്ഞു. ജാഫർ താനൂർ, അഷറഫ് മണ്ണാർക്കാട്, വിവിധ ഏരിയ സെക്രട്ടറിമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ആഘോഷ പരിപാടിയിൽ കേക്ക് മുറിക്കലും, പായസ വിതരണവും ദേശീയഗാനാലാപനവും നടത്തി.