ജിദ്ദ– ഇമാം റാസി മദ്രസ വെള്ളിയാഴ്ച സംഘടിപ്പിച്ച ‘ദിൽകിഷ് 25’ സ്റ്റുഡൻ്റ്സ് ഫെസ്റ്റ് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾക്കൊണ്ട് ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഇമാം റാസി മദ്രസ സംഘടിപ്പിച്ചുവരുന്ന ഈ വാർഷിക ആഘോഷ പരിപാടിയിൽ വിവിധ മത്സരങ്ങളും അരങ്ങേറി. എം.ഐ.എസ്. പ്രിൻസിപ്പൽ യഹ്‌യ ഖലീൽ നൂറാനി ഉദ്ഘാടനം ചെയ്തു.ഇമാം റാസി മദ്രസ എച്ച് ഒ ഡി ഹസൻ സഖാഫി അധ്യക്ഷത വഹിച്ചു.


ബോയ്സ്, ഗേൾസ് വിഭാഗങ്ങളിൽ ‘സ്റ്റാർ’, ‘നുജൂം’ എന്നീ രണ്ട് ടീമുകളിലായി ജനറൽ, സീനിയർ, ജൂനിയർ, സബ്-ജൂനിയർ എന്നീ നാല് കാറ്റഗറികളിൽ മത്സരങ്ങൾ നടന്നു. ഖുർആൻ പാരായണം, ഹിഫ്ള്, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, മദ്ഹ് ഗാനം, സംഘ ഗാനം, സ്റ്റോറി ടെല്ലിംഗ് തുടങ്ങിയ സ്റ്റേജ് മത്സരങ്ങളും ചിത്രരചന, വാട്ടർ കളറിംഗ്, മെമ്മറി ടെസ്റ്റ്, അറബിക് കാലിഗ്രഫി, വായന മലയാളം, വായന അറബിക്, കൈയെഴുത്ത് തുടങ്ങി സ്റ്റേജിതര മത്സരങ്ങളും വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഖാസിം സഖാഫി സ്വാഗതം ആശംസിച്ചു. അബ്ദുൽ ഗഫൂർ പുളിക്കൽ, അബു മിസ്ബാഹ് ഐക്കരപ്പടി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മത്സര പരിപാടികൾക്ക് മൻസൂർ മാസ്റ്റർ, മുഹ്‌സിൻ സഖാഫി, സൈദ് മുഹമ്മദ് മാസ്റ്റർ, താജുദ്ദീൻ നിസാമി , സഈദ് നഈമി, അബ്ദുറഷീദ് സഖാഫി,റഷീദ് പന്തല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.
ബോയ്സ് വിഭാഗത്തിൽ 379 പോയിന്റ് നേടി ടീം നുജൂം ഓവറോൾ ചാമ്പ്യന്മാരായി. 325 പോയിന്റുമായി ടീം സ്റ്റാർ റണ്ണറപ്പ് ട്രോഫി കരസ്ഥമാക്കി. ഗേൾസ് വിഭാഗത്തിൽ 228 പോയിന്റ് നേടി നുജൂം ടീം ഓവറോൾ ചാമ്പ്യന്മാരായി. 211 പോയിന്റ് നേടി സ്റ്റാർ ടീം റണ്ണറപ്പ് ട്രോഫിയും നേടി.
വൈകീട്ട് നടന്ന സമാപന സെഷൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സുലൈമാൻ ഹാജി കിഴിശ്ശേരി ആശംസകൾ നേർന്നു സംസാരിച്ചു. സമാപന സെഷനിൽ ദഫ് മുട്ട്, ഖവാലി, ഫ്‌ളവർ ഷോ, ലെറ്റർ ഷോ തുടങ്ങിയ ആകർഷകമായ കലാപരിപാടികളും അരങ്ങേറി. സലാം ജൂറി റസ്റ്റോറന്റ് , ഡോക്ടർ സൈഫുദ്ധീൻ, ഫസീൻ അഹമ്മദ്,ആശിഖ് ഷിബിലി, സിദ്ധീഖ് മുസ്ലിയാർ പുളിക്കൽ ,സുഹൈൽ കാടാച്ചിറ തുടങ്ങിയ സാമൂഹിക സാംസ്‌കാരിക, ബിസിനസ് രംഗത്തെ പ്രമുഖരും രക്ഷിതാക്കളും ഐ.സി.എഫ്. പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ച് പ്രവാസി വായന പവലിയനും പുസ്തക കൗണ്ടറും ഒരുക്കിയിരുന്നു. മത്സര വിജയികൾക്കുള്ള സമ്മാനദാനവും, നൊട്ടെക്ക് സ്പോട്ട് ക്വിസ് മത്സര വിജയികൾക്കും, സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കുമുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.



