ദമാം– ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘നീതി സ്വതന്ത്രമാകട്ടെ’ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐസിഎഫ്) ദമാം വെസ്റ്റ് ഡിവിഷൻ പൗരസഭ സംഘടിപ്പിച്ചു. ഐസിഎഫ് സൗദി ഈസ്റ്റ് ചാപ്റ്റർ സെക്രട്ടറി റാഷിദ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ അഡ്മിൻ സെക്രട്ടറി ഷറഫുദ്ദീൻ പുളിഞാൽ കീ നോട്ട് അവതരിപ്പിച്ചു. പൂർവ്വികർ ഒന്നിച്ചു പൊരുതി നേടിയ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കൽ നമ്മുടെ കടമയാണെന്ന് പൗരസഭ അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയാണ് ഇന്ത്യൻ ഭരണഘടന. അതിനെ പൂർണാർത്ഥത്തിൽ കാത്തു സൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണെന്ന് സംഗമം ഉദ്‌ഘോഷിച്ചു.
ദമാം അൽ ഹിദായ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡിവിഷൻ പ്രസിഡന്റ് മൂസ മുസ്ലിയാർ അദ്ധ്യക്ഷം വഹിച്ചു.ശംസുദ്ദീൻ സഅദി,സലീം സഅദി, അസ്ലം സിദ്ദീഖി,ഹാരിസ് സഖാഫി, അഷ്റഫ് ചാപ്പനങ്ങാടി എന്നിവർ ചർച്ചയിൽ സംസാരിച്ചു. ഐ സി എഫ് ദമ്മാം റീജിയൻ വെൽഫെയർ സെക്രട്ടറി അഹമ്മദ് തോട്ടട സഭ മോഡറേറ്റർ സ്ഥാനം വഹിച്ചു. അബൂബക്കർ കൊടുവള്ളി,ഷംസു കൊല്ലം എന്നിവർ നേതൃത്വം നൽകി. ഷരീഫ് കുനിയിൽ സ്വാഗതവും സ്വാലിഹ് കരിപ്പൂർ നന്ദിയും പറഞ്ഞു.