റിയാദ്: കൂട്ടുകാരനെ സഹായിക്കാന്‍ സ്വന്തം കിടപ്പാടം പണയപ്പെടുത്തിയ പ്രവാസി ജപ്തി ഭീഷണിയില്‍. ലോണ്‍ എടുത്ത സുഹൃത്ത് ഹൃദയാഘാതം മൂലം മരിച്ചതോടെയാണ് തിരിച്ചടക്കാന്‍ കഴിയാതെ പ്രവാസി സുഹൃത്ത് പ്രതിസന്ധിയിലായത്. സുഹൃത്തും സഹപാഠിയുമായ നിഷാന്ത് കണ്ണന് ലോണെടുക്കാന്‍ വീടിന്റെ രേഖകള്‍ ഈട് നല്‍കിയ സൗദിയിലെ പ്രവാസി മലപ്പുറം തുവ്വൂര്‍ സ്വദേശി ഉസ്മാനാണ് ഇപ്പോള്‍ ബാങ്കിന്റെ ജപ്തി ഭീഷണിക്ക് മുന്നില്‍ വിഷമാവസ്ഥയിലായത്. മൂന്ന് വര്‍ഷം മുമ്പ് ഉസ്മാന്‍ വീടിന്റെ ആധാരം പണയപ്പെടുത്തി സ്വന്തം ആവശ്യത്തിന് മൂന്ന് ലക്ഷം രൂപ ലോണെടുത്തു. പ്രവാസിയായ ഉസ്മാന് ഇതിന് വേണ്ട എല്ലാ സഹായവും ചെയ്തത് ഉറ്റസുഹൃത്തും സഹപാഠിയും പൊതുപ്രവര്‍ത്തകനുമായ കണ്ണനായിരുന്നു. ലോണെടുത്ത തുക ഉസ്മാന്‍ അനുവദിച്ച സമയത്തിനകം തിരിച്ചടക്കുകയും ചെയ്തു.
ഇതിനിടയില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കണ്ണന്‍ ഉസ്മാന്‍ ലോണെടുത്ത അതേ വീടിന്റെ ആധാരം പണയം വെച്ച് നിലമ്പൂര്‍ അര്‍ബന്‍ ബാങ്കില്‍നിന്ന് 12 ലക്ഷം രൂപ ലോണെടുത്തു. അതിപ്പോള്‍ പലിശ പെരുകി 18 ലക്ഷത്തോളമായി. ഈ തുക അടച്ചുതീര്‍ത്താലേ ബാങ്ക് ജപ്തി ഉള്‍പ്പെടെയുള്ള നടപടികളില്‍ നിന്ന് പിന്മാറി ആധാരം തിരിച്ചു നല്‍കുകയുള്ളൂ. തുവ്വൂര്‍ പഞ്ചയാത്ത് മെമ്പര്‍ കൂടിയായിരുന്ന കണ്ണന്‍ 2023 ഏപ്രിലിലാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇതോടെ കണ്ണന്റെ ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബം നിരാലംബരായി. ഉസ്മാന്‍ ഭാരിച്ച കടക്കാരനുമായി.
കുടുംബത്തിന്റെ ഏക അത്താണിയായ കണ്ണന്റെ മരണത്തിന് ശേഷം അന്നന്നത്തെ ചെലവിനുള്ള വക കണ്ടെത്താന്‍ പാടുപെടുന്ന കണ്ണന്റെ ഭാര്യക്ക് ലോണ്‍ തിരിച്ചടക്കാനായില്ല. കുറഞ്ഞ ശമ്പളത്തിന് സൗദിയില്‍ ജോലി ചെയ്യുന്ന ഉസ്മാന്‍ വീട്ടിലെ ചെലവും മക്കളുടെ വിദ്യാഭ്യാസവും ഭാര്യയുടെ ചികിത്സയുമായി പ്രതിസന്ധിയുടെ നടുക്കാണ്. കണ്ണന്‍ വീട് പണയപ്പെടുത്തിയെടുത്ത ലോണ്‍ തിരിച്ചടക്കാന്‍ ഉസ്മാന്‍ കഠിനശ്രമം നടത്തിയെങ്കിലും സാഹചര്യം അനുവദിച്ചില്ല. ഇപ്പോള്‍ പണം തിരിച്ചുപിടിക്കാന്‍ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
കണ്ണന്റെ കുടുംബത്തിന് വീട് നിര്‍മിക്കാനും ഉസ്മാന്റെ ലോണടച്ചു വീട്ടി ആധാരം തിരിച്ചെടുക്കാനും നാട്ടുകാര്‍ ചേര്‍ന്ന് കണ്ണന്‍ കുടുംബ സഹായ സമിതിയുണ്ടാക്കിയെങ്കിലും ആവശ്യമായ തുകയുടെ നാലിലൊന്ന് സമാഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഇരു കുടുംബവും സാമൂഹികപ്രവര്‍ത്തകരും. കണ്ണന് മറ്റു ബാങ്കുകളിലും ബാധ്യതയുണ്ടായിരുന്നു. ബാങ്കുമായി സംസാരിച്ചപ്പോള്‍ ലോണെടുത്ത തുക ഒന്നിച്ച് അടച്ചാല്‍ പ്രത്യേക സാഹചര്യം കാണക്കിലെടുത്ത് പലിശ ഒഴിവാക്കി ലോണ്‍ ക്ലോസ് ചെയ്യാമെന്ന് പറഞ്ഞു.
സഹായ സമിതി ഉസ്മാന്റെ വീടിന്റെ ആധാരം വീണ്ടെടുക്കാന്‍ സമാഹരിച്ച തുകയില്‍നിന്ന് കണ്ണന്റെ മറ്റ് ബാങ്കുകളിലെ കടം വീട്ടാമെന്ന് ഉസ്മാന്‍ പറഞ്ഞതോടെ ചില ബാങ്കുകളിലെ ഇടപാടുകള്‍ തീര്‍ത്തു. സമാഹരിച്ച തുകയില്‍നിന്ന് 3,89,000 രൂപ ബാങ്കിന് നല്‍കിയപ്പോള്‍ കണ്ണന്റെ കുടുംബത്തിന്റെ തലയില്‍ വരാനിരുന്ന 10 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യതയാണ് ഒഴിവായത്. ഇതും ഉസ്മാന്റെ ഹൃദയവിശാലത കൊണ്ട് സംഭവിച്ചതാണ്. ബാങ്ക് ജപ്തിയില്‍ നിന്ന് ഇവരെ രക്ഷിക്കാന്‍ സുമനസ്സുകളുമായി കൈകോര്‍ത്ത് ശ്രമം തുടരുകയാണെന്ന് റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ (0508517210) പറഞ്ഞു.