റിയാദ് : ദീര്‍ഘ കാലം കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പറും നവ കേരളശില്‍പ്പികളില്‍ ഒരാളുമായിരുന്ന ഇ കെ നായനാരുടെ ഓര്‍മ്മ പുതുക്കി കേളി കലാസാംസ്‌കാരിക വേദി. കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ മുഖ്യ പ്രഭാഷണം നടത്തി.
കേരളത്തില്‍ എല്‍ ഡി എഫിന് തുടര്‍ഭരണം ലഭിച്ചാല്‍ മാത്രമേ ഇടത് ബദല്‍ എന്തെന്ന് ജനങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കൂ എന്ന നായനാരുടെ വാക്കുകള്‍ അര്‍ഥവത്തായ കാലഘട്ടത്തിലാണ് നാം അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കുന്നതെന്നും ഇതര സംസ്ഥാനങ്ങള്‍ക്കും യൂണിയന്‍ സര്‍ക്കാരിന് തന്നെയും മാതൃകയാണ് കേരളത്തിലെ ഇടത് സര്‍ക്കാരെന്ന് ഈ കാലഘട്ടത്തില്‍ തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രന്‍ തെരുവത്ത്, ജോസഫ് ഷാജി, പ്രഭാകരന്‍ കണ്ടോന്താര്‍, ഫിറോഷ് തയ്യില്‍, കേളി ആക്ടിങ് സെക്രട്ടറി സുനില്‍ കുമാര്‍, കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷാ സുകേഷ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായ് സ്വാഗതവും ഷമീര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.