റിയാദ്: അന്തരിച്ച സൗദി അറേബ്യൻ ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭാ ചെയർമാനായിരുന്ന ഷെയ്ഖ് അബ്ദുൽ അസീസ് ആലു ഷെയ്ഖിൻ്റെ കുടുംബത്തിനും ബന്ധുക്കൾക്കും അനുശോചനം നേരിട്ടറിയിക്കാനായി കേരള നദ്‌വത്തുൽ മുജാഹിദീൻ
(കെ.എൻ.എം) സംസ്ഥാന ഉപാദ്ധ്യക്ഷനും ഗൾഫ് ഇസ്‌ലാഹി കോഓഡിനേഷൻ ചെയർമാനുമായ ഡോ. ഹുസൈൻ മടവൂർ സൗദിയുടെ തലസ്ഥാനമായ റിയാദിലെത്തി.
ഷെയ്ഖിൻ്റെ ഔദ്യാഗിക വസതിയിൽ മക്കളെയും മറ്റു കുടുംബാംഗങ്ങളെയും ഉന്നത പണ്ഡിത സ്‌സഭാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. ഷെയ്ഖിൻ്റെ വിയോഗം പണ്ഡിത ലോകത്തിന്നു വലിയ നഷ്ടമാണെന്നും ഇന്ത്യയിലെ മുസ്ലിം നവോത്ഥാന വിദ്യാഭ്യാസ സംരംഭങ്ങൾക്ക് അദ്ദേഹത്തിൻ്റെ പിന്തുണ വളരെ വലുതായിരുന്നുവെന്നും മലബാർ എജ്യൂസിറ്റി ചെയർമാൻ കൂടിയായ ഹുസൈൻ മടവൂർ പറഞ്ഞു.
വിദേശികൾക്ക് മത സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്ന ജലിയാത് ഓഫീസുകൾക്കും ഇസ്ലാഹി സെൻ്ററുകൾ ക്കും അദ്ദേഹം വലിയ സഹായം നൽകി. ഇന്ത്യക്കാരോട് ഷെയ്ഖിന്നു വലിയ താൽപര്യമായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഫ്തിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചിരുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ അനുശോചമറിയിക്കാൻ റിയാദിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്.
ഡോ. മടവൂരിൻ്റെ സന്ദർശനത്തിന് ഷെയ്ഖിൻ്റെ കുടുംബവും ദാറുൽ ഇഫ്താ വക്താവ് ഷെയ്ഖ് ഖാലിദ് അൽ ജൂലൈയിലും നന്ദി രേഖപ്പെടുത്തി. സന്ദർശനത്തിൽ റിയാദ് ഇസ്ലാഹി സെൻ്റർ വൈസ് പ്രസിഡൻ്റുമാരായ അഡ്വ. അബ്ദുൽ ജലീൽ, മുജീബ് അലി തൊടികപ്പുലം എന്നിവരും ഹുസൈൻ മടവൂരിൻ്റെ കൂടെയുണ്ടായിരുന്നു.