ദമാം: നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന ആശയം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രക്ക് പ്രവാസി വെൽഫെയർ ദമാം റീജിയണൽ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട് മുഖ്യ പ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി തുടക്കം കുറിച്ച സാഹോദര്യപദയാത്രയുടെ മുദ്രാവാക്യം കാലികമാണ്. ഇത്തരം മുദ്രാവാക്യങ്ങള്‍ നമ്മുടെ രാഷ്ട്രീയമണ്ഡലത്തിന് പണ്ടൊക്കെ പരിചിതമായിരുന്നെങ്കിലും ഇപ്പോള്‍ കേള്‍ക്കാറില്ല. സ്വന്തം പാർട്ടിയുടെ വളർച്ച മാത്രം ലക്ഷ്യമിട്ട് നാട്ടിൽ വെറുപ്പ് ഉല്പാദിപ്പിക്കാൻ രാഷ്ട്രീയപാർട്ടികളും ഒരുപറ്റം മാധ്യമങ്ങളും യൂട്യൂബർമാരും വ്യാപകമായ ഇക്കാലത്ത് അതിൽ നിന്നും വ്യത്യസ്തമായി സമുദായങ്ങള്‍ക്കിടയിലുള്ള സാഹോദര്യത്തെക്കുറിച്ച ഭാവന പുതിയ കാലത്തെ നേരിടാനും രാജ്യനിവാസികൾക്കിടയിൽ ഐക്യവും സാഹോദര്യവും വളർത്തുവാനും പ്രാപ്തരാക്കും.
നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മറന്ന മുദ്രാവാക്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന വെൽഫെയർ പാർട്ടിയുടെ കേരള സാഹോദര്യ യാത്ര അതുകൊണ്ട് തന്നെ ഏറെ പ്രസക്തമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. ജനറൽ സെക്രെട്ടറി ബിജു പൂതക്കുളം, വൈസ് പ്രസിഡൻ്റുമാരായ ഫൈസൽ കോട്ടയം അനീസ മെഹബൂബ്, ട്രെഷറർ ഉബൈദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നാഷണൽ കമ്മിറ്റി സെക്രെട്ടറി ഷബീർ ചാത്തമംഗലം, ട്രഷറർ സമീയുള്ള ഇ. പി. സി അംഗങ്ങളായ സിറാജ് തലശ്ശേരി, ഖലീൽ റഹ്മാൻ എന്നിവർ സംബന്ധിച്ചു.