ദമാം- ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക, കായിക രംഗത്ത് കഴിഞ്ഞ 23 വർഷമായി സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ പ്രവാസികളുടെ പ്രാദേശിക കൂട്ടായ്മയായ കെപ് വ അംഗവും എഴുത്തുകാരനുമായ ഹഫീസ് കൊളക്കോടൻ ദമാമിലെ നഗരകേന്ദ്രമായ സീക്കോയുടെ പശ്ചാത്തലത്തിൽ രചിച്ച ‘സീക്കോ തെരുവ്’ പുസ്തകത്തിന്റെ ജി.സി.സി തല പ്രകാശനം നാളെ (മെയ് 22 വ്യാഴാഴ്ച) ദമാമിൽ നടക്കും. പുസ്തക പ്രകാശനം ദമാമിലെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകൻ കെ എം ബഷീർ നിർവ്വഹിക്കും. സാംസ്ക്കാരിക സമ്മേളനം കെ എം സി സി നേതാവും സാംസ്ക്കാരിക പ്രവർത്തകനുമായ മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകരായ കെപ്‌വ ഭാരവാഹികൾ ദമാമിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രവാസ ജീവിതത്തിന്റെ നോവും വേവും വ്യത്യസ്തമായൊരു വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന പുസ്തകം മനുഷ്യാവസ്ഥകളെ സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ വിലയിരുത്തുകയും സാമ്പ്രദായികമായ പ്രവാസാനുഭവ വിവരണങ്ങളിൽ നിന്നും വിഭിന്നമായൊരു വഴിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു. പ്രശസ്തമായ സീക്കോയുടെ വഴികളിലൂടെയും ഊടുവഴികളിലൂടെയും സഞ്ചരിച്ച് അനുഭവങ്ങളെ പെറുക്കിയെടുത്ത് അവയെ ദാർശനികമായി വിലയിരുത്തുന്ന ‘സീക്കോ തെരുവ്’ പ്രവാസ സാഹിത്യരംഗത്ത് സവിശേഷമായൊരു ഇടം സ്ഥാപിക്കുമെന്ന് ഞങ്ങൾ കരുതുന്നു. സാഹിത്യ തല്പരരായ പ്രവാസികൾ ഗൗരവപൂർണ്ണമായ വായനയിലൂടെ പുസ്തകത്തെ ഉൾക്കൊള്ളുമെന്നും കൂടുതൽ വായിക്കപ്പെടുമെന്നും കെപ്‌വ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.
മെയ് 22 ന് വൈകിട്ട് എട്ടര മണിക്ക് ദമാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ ദമാമിലെ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മേഖലയിലെ പ്രമുഖർ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
ജൗഹർ കുനിയിൽ, വഹീദുറഹ്മാൻ, അനസ്, ലിയാക്കത്തലി, അസ്ലം കോളക്കേടൻ, ഷമീം കെ എം, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.