ജിദ്ദ- സൗദി അറേബ്യയിലെ ജിദ്ദയിലെ പ്രവാസിയും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ഷിബു തിരുവനന്തപുരത്തിന് ഡോക്ടറേറ്റ്. എജ്യുക്കേഷൻ ആന്റ് കമ്യൂണിറ്റി എന്ന വിഷയത്തിൽ യൂണിവേഴ്സിറ്റി ഓഫ് ഘാനയിൽനിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഡോ. ഡൊമിനിക് കാർലോയുടെ കീഴിലായിരുന്നു ഗവേഷണം. ദ ഹാർട്ട് ഓഫ് എ ടീച്ചർ സ്പിരിറ്റ് ഓഫ് ലീഡർ(The heart of a teacher spirit of Leader) “ എന്ന തലക്കെട്ടിൽ 264 പേജുള്ള ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. മൂന്നുവർഷത്തെ ഗവേഷണത്തിന് ശേഷമാണ് ഡോക്ടറേറ്റ് ലഭിച്ചത്.
തിരുവനന്തപുരം ജില്ലയിലെ പൂവാർ ഗവ.ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് (പ്രീ ഡിഗ്രി), തിരുവനന്തപുരം മാർ ഇവനിയോസ് കോളേജ് (ബിരുദം), തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് (ബിരുദാനന്തര ബിരുദം), തമിഴ് നാട് സുന്ദർണർ യൂണിവേഴ്സിറ്റി (ബി.എഡ്) എന്നിവടങ്ങളിൽ പഠനം നടത്തിയ ഷിബു കഴിഞ്ഞ 27 വർഷമായി ജിദ്ദയിലെ ജിദ്ദ ഇന്റർനാഷണൽ സ്കൂളിൽ(അമേരിക്കൻ കരിക്കുലം) അധ്യാപകനാണ്. ജിദ്ദ നവോദയ രക്ഷാധികാരി കൂടിയായ ഷിബു തിരുവനന്തപുരത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നേട്ടമാണ് ഇതെന്ന് ഷിബു ദ മലയാളം ന്യൂസിനോട് പറഞ്ഞു. നിലവിൽ ജിദ്ദയിലെ ഗുഡ്ഹോപ്പ് സയൻസ് അക്കാദമിയുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ഷിബു. ഗവ. ഹൈസ്കൂൾ അധ്യാപികയായ ശ്രീദേവിയാണ് ഭാര്യ. ദേവയാനി, വാസുദേവ് എന്നിവരാണ് മക്കൾ.