ജിദ്ദ- മനുഷ്യന്റെ നിലനിൽപ്പിനും സമാധാനത്തിനും കുടുംബമായി ജീവിക്കേണ്ടത് അനിവാര്യമാണെന്ന് ഇസ്ലാഹീ പ്രഭാഷകനും ചുങ്കത്തറ നജാത്തുൽ അനാം അറബിക് കോളേജ് പ്രിൻസിപ്പലുമായ അലി ഷാക്കിർ മുണ്ടേരി അഭിപ്രായപ്പെട്ടു. കുടുംബബന്ധത്തിന്റെ വിശുദ്ധിയുമായി ബന്ധപ്പെട്ട് കേരള നദ് വത്തുൽ മുജാഹിദീൻ സംഘടിപ്പിച്ചു വരുന്ന ക്യാമ്പയിനിന്റെ ഭാഗമായി ‘പവിത്രമാണ് കുടുംബം, പരിശുദ്ധമാണ് ബന്ധങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ സംഘടിപ്പിച്ച ഇസ്ലാഹീ ഫാമിലി മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയിൽ മനുഷ്യജീവിതം ആരംഭിച്ചത് മുതലുള്ള ആശയമാണ് കുടുംബം. എന്നാൽ പ്രകൃതിയുടെ ഈ സംവിധാനത്തിനെതിരെ യൂറോപ്പിലും അമേരിക്കയിലുമെല്ലാം 50 വർഷം മുൻപ് വമ്പൻ പ്രചാരണങ്ങൾ അഴിച്ചുവിട്ടത്പോലെ ഇന്ന് നമ്മുടെ നാട്ടിലും കുടുംബജീവിതത്തിനെതിരെ വ്യാപകമായ പ്രചാരണങ്ങൾ നടക്കുകയാണ്. കുടുംബത്തിൽ നിന്നകന്നതിന്റെ തിക്തഫലങ്ങളനുഭവിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ ഇന്ന് അതിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുകയും കൂടുതൽ കുട്ടികളുണ്ടാകാൻ പ്രോത്സാഹിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ഈ കാലഘട്ടത്തിലാണ് നമ്മുടെ നാട്ടിൽ കുടുംബജീവിതത്തിൽ നിന്ന് ജനങ്ങൾ പിന്നോട്ട് പോകുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ഇസ്ലാമിൽ വിശ്വാസകാര്യങ്ങൾക്കൊപ്പം ഉണ്ടാകേണ്ട മറ്റു അനുഷ്ഠാനങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം തന്നെയാണ് കുടുംബബന്ധം നിലനിർത്തുന്നതിനുമുള്ളത്. മതത്തിൽ നമസ്കാരവും നോമ്പും സകാത്തും ഹജുമെല്ലാം നിർബന്ധമാക്കുന്നതിന് മുൻപ് പ്രവാചകന്റെ മക്കാ കാലഘട്ടത്തിൽ തന്നെ കുടുംബബന്ധത്തിന് വളരെയധികം പ്രാധാന്യം നൽകിയിരുന്നു. ആദർശത്തിൽ ശത്രുക്കളാണെങ്കിൽ പോലും നാം ഇത്തരം ബന്ധങ്ങളിൽ നിന്നകലാൻ പാടില്ല. കുടുംബബന്ധം മുറിച്ചവന്റെ ആരാധനകളൊന്നും സ്വീകരിക്കില്ലെന്നും അങ്ങനെ മരണപ്പെട്ടവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ലെന്നും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. തന്റെ മരണപ്പെട്ട മാതാപിതാക്കളിലൂടെയുള്ള കുടുംബബന്ധങ്ങൾ നിലനിർത്തേണ്ടത് അവരുടെ മരണത്തിന് ശേഷം മക്കൾക്കുള്ള ബാധ്യതയിൽ പെട്ടതാണെന്നും പ്രവാചകൻ പറഞ്ഞിട്ടുണ്ട്. നമുക്കൊരുപാട് ആദർശസുഹൃത്തുക്കളും മറ്റു ബന്ധങ്ങളുമൊക്കെ ഉണ്ടാകുമെങ്കിലും അനന്തരാവകാശ സ്വത്തുക്കൾ ലഭിക്കുന്നത് കുടുംബബന്ധമുള്ളവർക്ക് മാത്രമാണ്. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.



