ദമാം- മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിചേര്‍ത്ത് എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദമാം പത്തനംതിട്ട ജില്ലാ ഒ.ഐ.സി.സി സംഘടിപ്പിച്ച സ്വാന്തനം പരിപാടിയില്‍ പങ്കെടുക്കാനായി ദമാമിൽ എത്തിയതായിരുന്നു അബിന്‍ വര്‍ക്കി. കേരളത്തിലെ ഒരു മുഖ്യമന്ത്രിമാരുടേയും മക്കള്‍ക്കെതിരെ ഇത്തരത്തിലുള്ള ആരോപണമുണ്ടായിട്ടില്ല.
ഒരു സേവനവും കൂടാതെയാണ് സി.എം.ആര്‍.ആല്‍ നിന്നും കോഴയായി കോടികള്‍ വാങ്ങിയതെന്ന് വ്യക്തമായി കഴിഞ്ഞു. 2004ല്‍ വി.എസ് അച്യദാനന്ദന്‍ കള്ളനാണ് കരിമണല്‍ കര്‍ത്തായെന്ന് മൂന്ന് തവണയാവര്‍ത്തിച്ച കമ്പനിയില്‍ നിന്നും 2.7 കോടി രൂപ എന്തിനാണ് കൈപറ്റിയതെന്ന് വ്യക്തമാക്കാനാവാതെ മുഖ്യമന്ത്രിയും കുടുംബവും ഉഴലുന്ന കാഴ്ച്ചയാണ് കാണുന്നത്. മുഖ്യമന്ത്രി ചെയ്ത് കൊടുത്ത ഏതോ ഒരു സേവനത്തിനാണ് വീണാ വിജയന്‍റെ എക്കൗണ്ടിലേക്ക് കോഴപണം വന്നതെന്ന് വ്യക്തമാണ്. മുഖ്യമന്തിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ഗതികേട് സി.പി.എം പോലുള്ള പ്രസ്ഥാനത്തിനുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കണം.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം സംസ്ഥാന തലത്തില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. പ്രതിപക്ഷം ഒരു ദിവസം ചെയ്യുന്ന സമരത്തിനുള്ള കാരണങ്ങളല്ല മറ്റു ദിവസങ്ങളിലുണ്ടാകുന്നത്, അത്രമേല്‍ വിഷയങ്ങളുടെ വേലിയേറ്റമാണ് സര്‍ക്കാറിനെതിരെയുണ്ടാകുന്നത്. ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന ന്യായമായ ആവശ്യത്തിന് ഒരു ചര്‍ച്ചക്ക് പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. കേന്ദ്രയവഗണയാണെന്ന് പറയുമ്പോള്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ച അവസരത്തില്‍ പോലും ആശാവര്‍ക്കര്‍മാരുടെ വേതനമുയര്‍ത്തണമെന്നാവശ്യം ഉയര്‍ത്തിയിട്ടില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. മകള്‍ക്ക് വേണ്ടി ആര്‍.എസ്.എസിനോട് യാജിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ചതെന്ന് അബിന്‍ വര്‍ക്കി കുറ്റപ്പെടുത്തി.
വഖഫ് വിഷയത്തില്‍ വ്യക്തമായ നിലപാട് മാത്രമേ കോണ്‍സിനുള്ളൂ. വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷ വിഭാഗത്തിനെതിരെയുള്ള നിലപാടാണെന്ന് കോൺഗ്രസ് പാര്‍ലമെന്‍റിലെ ബില്ലിന്‍ മേലുള്ള ചര്‍ച്ചക്ക് തുടക്കം കുറിച്ച് കൊണ്ട് എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതില്‍ ഒരു ആശങ്കയുടേയും ആവശ്യമില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഏത് വിഷയങ്ങള്‍ക്കൊപ്പവും കോണ്ഗ്രസുണ്ടാകും, ജബല്‍പ്പൂരില്‍ ഒരു വൈദികനെതിരെയുള്ള ആര്‍.എസ്.എസ് ആക്രമണം പാര്‍ലമെന്‍റില്‍ ഉയര്‍ത്തിയത് കോണ്‍ഗ്രസാണ്. മണിപ്പൂരില്‍ കൈസ്ത്രവ വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ പാര്‍ലമെന്‍റിനകത്തും പുറത്തും ശബ്ദിക്കുന്നത് കോണ്‍ഗ്രസും അതിന് നേത്യത്വം കൊടുത്ത് കൊണ്ടിരിക്കുന്നത് രാഹുല്‍ ഗാന്ധിയുമാണ്. ഇന്ത്യന്‍ ഭരണഘടന സംരക്ഷിച്ച് കൊണ്ട് മതേതരത്വം നില നിറുത്തുവാനുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രതിഞ്ജാബദ്ധമാണ്.
വരുന്ന തദ്വേശ-സയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തമാക്കാനുള്ള പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്.12,000 വാര്‍ഡ് തലങ്ങളില്‍ മഹാത്മാ ഗാന്ധി കുടുംബ സംഗമങ്ങള്‍ നടന്ന് വരികയാണ്. അതോടൊപ്പം ലഹരിക്കെതിരെയുള്ള പ്രതിരോധവും പാര്‍ട്ടി പരിപാടികളില്‍ സംഘടിപ്പിച്ച് വരുന്നുണ്ട്. 2008ല്‍ 524 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന കേരളത്തില്‍ ഇപ്പോള്‍ 27,432 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലഹരിയുടെ വ്യാപനം വലിയ ആശങ്കയുണര്‍ത്തുന്നതാണ്. ലഹരിയുപയോഗം മൂലം മക്കള്‍ മാതാപിതാക്കളെ കൊല ചെയ്യുന്ന സാഹചര്യം നമ്മുടെ നാട്ടില്‍ വര്‍ധിക്കുകയാണ്.
2014ന് ശേഷം ഇന്ത്യന്‍ ഫിലിം ഇന്‍ഡട്രീയില്‍ പോലെ ഗുജറാത്ത് വംശഹത്യയുടെ യഥാര്‍ഥ ചിത്രം കൊണ്ട് വരാന്‍ എമ്പുരാന്‍ സിനിമക്കായിട്ടുണ്ട്. ആര്‍.എസ്.എസിന് ത്യപ്തിയുണ്ടാക്കുന്ന സിനിമകള്‍ മാത്രം പിറക്കുന്ന കാലത്ത് അതിന് വിപരീതമായി വന്ന ഒരു സിനിമയാണ് എമ്പുരാനെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. സിനിമക്കെതിരെ ആര്‍.എസ്.എസ്-ബി.ജെ.പി സ്വീകരിക്കുന്ന ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ പ്രതിരോധം തീര്‍ത്ത് ചെറുത്തു തോല്‍പ്പിക്കുമെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടും, ഭൂരിപക്ഷത്തിനോട് മാത്രമാണ് കഴിഞ്ഞ കാല ഉപതിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചിട്ടുള്ളൂ, അത് നിലമ്പൂരിലും ആവര്‍ത്തിക്കുമന്ന് ഉപ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ ഗ്രസിന്‍റെ ചുമതല വഹിക്കുന്ന അഭിന്‍ വര്‍ക്കി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഓ.ഐ.സി.സി ഗ്ലോബല്‍ കമ്മറ്റി നേതാക്കളായ അഹ്മദ് പുളിക്കല്‍, ഹനീഫ് റാവുത്തര്‍, ഒ.ഐ.സി.സി നാഷണല്‍ കമ്മറ്റി പ്രസിഡന്‍റ് ബിജു കല്ലുമല, റിജിനല്‍ കമ്മറ്റി പ്രസിഡന്‍റ് ഇ.കെ.സലീം, ജില്ലാ പ്രസിഡന്‍റ് തോമസ് തൈപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോജി ജോസഫ്, ട്രഷറര്‍ സാജന്‍ സ്കറിയ എന്നിവരും പങ്കെടുത്തു.