ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതുതായി 80,096 കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഒന്നാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയില്‍ 28,181 ഉം രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 14,498 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 12,985 ഉം നാലാം സ്ഥാനത്തുള്ള അല്‍ഖസീമില്‍ 4,920 ഉം അഞ്ചാം സ്ഥാനത്തുള്ള അസീര്‍ പ്രവിശ്യയില്‍ 3,875 ഉം കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ രണ്ടാം പാദത്തില്‍ അനുവദിച്ചു.
രണ്ടാം പാദത്തില്‍ ആകെ അനുവദിച്ച കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളില്‍ 49 ശതമാനവും വനിതകളുടെ ഉടമസ്ഥതയിലാണ്. കിഴക്കന്‍ പ്രവിശ്യയില്‍ പുതുതായി അനുവദിച്ച കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളില്‍ 71 ശതമാനം വനിതകളുടെ ഉടമസ്ഥതയിലാണ്. രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ എല്ലാ പ്രവിശ്യകളിലുമായി ആകെ 17 ലക്ഷത്തിലേറെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുണ്ട്.
രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം ഇ-കൊമേഴ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 39,300 സ്ഥാപനങ്ങള്‍ക്ക് കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുണ്ട്. റിയാദ് പ്രവിശ്യയില്‍ 16,600 ഉം മക്ക പ്രവിശ്യയില്‍ 10,000 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 6,100 ഉം മദീനയില്‍ 1,700 ഉം അല്‍ഖസീമില്‍ 1,200 ഉം ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുണ്ട്. രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ കൊക്കോ, ചോക്ലേറ്റ് നിര്‍മാണ മേഖലയില്‍ 3,532 സ്ഥാപനങ്ങള്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടി പ്രവര്‍ത്തിക്കുന്നുണ്ട്. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കൊക്കോ, ചോക്ലേറ്റ് നിര്‍മാണ സ്ഥാപനങ്ങളുള്ളത്. ഇവിടെ 1,490 കൊക്കോ, ചോക്ലേറ്റ് സ്ഥാപനങ്ങള്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുണ്ട്.
മക്ക പ്രവിശ്യയില്‍ 909 ഉം കിഴക്കന്‍ പ്രവിശ്യയില്‍ 416 ഉം അല്‍ഖസീം പ്രവിശ്യയില്‍ 213 ഉം മദീനയില്‍ 149 ഉം കൊക്കോ, ചോക്ലേറ്റ് നിര്‍മാണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ലോക ചോക്ലേറ്റ് ദിനാഘോഷത്തോടനുബന്ധിച്ച് വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. എല്ലാ വര്‍ഷവും ജൂലൈ 7 ന് ലോകരാജ്യങ്ങള്‍ ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നു.