ജിദ്ദ – അതിശൈത്യത്തില്‍ തണുത്തുറഞ്ഞ് ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ തുറൈഫ്. ഇന്ന് സൗദിയില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് തുറൈഫിലായിരുന്നു. ഇന്ന് രാവിലെ തുറൈഫില്‍ കുറഞ്ഞ താപനില മൈനസ് മൂന്നു ഡിഗ്രിയായി താഴ്ന്നു. ഏറ്റവും കുറഞ്ഞ രണ്ടാമത്തെ താപനില രേഖപ്പെടുത്തിയത് അല്‍ജൗഫ് പ്രവിശ്യയിലെ ഖുറയ്യാത്തിലാണ്. ഇവിടെ കുറഞ്ഞ താപനില മൈനസ് ഒരു ഡിഗ്രിയായിരുന്നു.
റഫ്ഹയില്‍ പൂജ്യം ഡിഗ്രിയും അറാറില്‍ രണ്ടു ഡിഗ്രിയും ഹഫര്‍ അല്‍ബാത്തിനില്‍ മൂന്നു ഡിഗ്രിയും അല്‍ജൗഫിലും തബൂക്കിലും ഹായിലിലും നാലു ഡിഗ്രി വീതവും ബുറൈദയില്‍ ആറു ഡിഗ്രിയും ദവാദ്മിയില്‍ ഏഴു ഡിഗ്രിയും റിയാദിലും അബഹയിലും എട്ടു ഡിഗ്രി വീതവും ദമാമിലും അല്‍ഹസയിലും തായിഫിലും ഒമ്പതു ഡിഗ്രി വീതവുമായിരുന്നു ഇന്നു രാവിലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
ഇന്നു മുതല്‍ അടുത്ത ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഉത്തര അതിര്‍ത്തി പ്രവിശ്യ, തബൂക്ക്, അല്‍ജൗഫ്, ഹായില്‍, കിഴക്കന്‍ പ്രവിശ്യയുടെ വടക്കു ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ തണുത്ത വായു പിണ്ഡത്തിന്റെ സ്വാധീനം അനുഭവപ്പെടും. ഇവിടങ്ങളില്‍ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി മുതല്‍ മൈനസ് മൂന്നു ഡിഗ്രി വരെയായി താഴും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ തണുത്ത വായു പിണ്ഡത്തിന്റെ സ്വാധീനം അനുഭവപ്പെടും. ഇതിന്റെ ഫലമായി കുറഞ്ഞ താപനില രണ്ടു ഡിഗ്രി മുതല്‍ അഞ്ചു ഡിഗ്രി വരെയായി താഴുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.