ജിദ്ദ – ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായുണ്ടാകുന്ന സാഹചര്യങ്ങള്‍ വ്യോമയാനത്തെ ബാധിക്കുമെന്ന് അല്‍ഖസീം യൂനിവേഴ്‌സിറ്റി കാലാവസ്ഥാ വിഭാഗം മുന്‍ പ്രൊഫസറും സൗദി വെദര്‍ ആന്റ് ക്ലൈമറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ഡോ. അബ്ദുല്ല അല്‍മിസ്‌നദ് പറഞ്ഞു.
ആഗോളതാപനം കാലാവസ്ഥാ പ്രക്ഷുബ്ധതകളുടെ ആവൃത്തിയും തീവ്രതയും വര്‍ധിക്കാന്‍ കാരണമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് ഫെഡറല്‍ ഏവിയേഷന്റെ കണക്കുകള്‍ പ്രകാരം, അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം അന്തരീക്ഷ പ്രക്ഷുബ്ധതയുമായി ബന്ധപ്പെട്ട പരിക്കുകളുടെ ശരാശരി എണ്ണം 33 ആണ്.
എങ്കിലും ഏറ്റവും സുരക്ഷിതമായ ഗതാഗത മാര്‍ഗം വിമാനങ്ങളാണ്. ആകാശച്ചുഴികള്‍ കാര്യക്ഷമമായി നേരിടാന്‍ പ്രത്യേകം രൂപകല്‍പന ചെയ്തവയാണ് വിമാനങ്ങള്‍. വിമാനാപകട സാധ്യത 11 ദശലക്ഷത്തില്‍ ഒന്ന് ആണെന്നും കാറോടിക്കുമ്പോള്‍ ഇത് 5,000 ല്‍ ഒന്ന് ആണെന്നും സ്ഥിതിവിവര കണക്കുകള്‍ വെളിപ്പെടുത്തുന്നതായും ഡോ. അബ്ദുല്ല അല്‍മിസ്‌നദ് പറഞ്ഞു.