റിയാദ് – റിയാദിലെ എക്‌സ്പ്രസ്‌വേയില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ച സംഭവത്തില്‍ കാറുടമക്കും പുതിയ കാര്‍ സമ്മാനമായി ലഭിച്ചു. കാര്‍ ഓടിച്ചിരുന്ന സൗദി യുവാവിന് കഴിഞ്ഞ ദിവസം അല്‍ദഫ കമ്പനി പുതിയ മോഡല്‍ ഫോര്‍ഡ് ടോറസ് കാര്‍ സമ്മാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാറുടമയായ സൗദി യുവാവിന് കിയാ അല്‍ജബര്‍ കമ്പനി പുതിയ മോഡല്‍ കിയ കെ-3 കാര്‍ സമ്മാനിച്ചത്.
സ്വകാര്യ കമ്പനിയില്‍ ജോലിക്കുള്ള ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ വേണ്ടി താല്‍ക്കാലികമായി സംഘടിപ്പിച്ച കൂട്ടുകാരന്റെ കാര്‍ സൗദി യുവാവ് ഓടിച്ചുപോകുന്നതിനിടെയാണ് കാര്‍ കത്തിനശിച്ചത്.
കാറിന്റെ അടിഭാഗത്താണ് തീ ആദ്യം പടര്‍ന്നുപിടിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട പിറകുവശത്തെ കാറിലെ യാത്രക്കാര്‍ യുവാവിനെ വിവരമറിയിക്കുകയും യുവാവ് ഉടന്‍ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങുകയുമായിരുന്നു. നിമിഷ നേരം കൊണ്ട് തീ കാറിന്റെ മുന്‍വശത്ത് ആളിപ്പടുകയും കാര്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിക്കുകയുമായിരുന്നു. മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ അഗ്നിശമന സിലിണ്ടറുകള്‍ ഉപയോഗിച്ചും വാട്ടര്‍ ടാങ്കറിലെ വെള്ളം ഉപയോഗിച്ചും പിന്നീട് കാറിലെ തീയണച്ചു.
കൂട്ടുകാരന്റെ കാര്‍ കത്തിനശിച്ചതിലുള്ള സങ്കടം സഹിക്കവെയ്യാതെ യുവാവ് കരയുന്നതിന്റെയും മറ്റുള്ളവര്‍ ചേര്‍ന്ന് ഇയാളെ ആശ്വസിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് യുവാവിന് അല്‍ദഫ കമ്പനി പുതിയ മോഡല്‍ കാര്‍ സമ്മാനിച്ചത്. പിന്നാലെ കിയ കമ്പനിയുടെ സൗദിയിലെ ഏജന്‍സിയായ അല്‍ജബര്‍ കമ്പനി കാറുടമയായ യുവാവിനും പുതിയ മോഡല്‍ കാര്‍ സമ്മാനിക്കുകയായിരുന്നു.