ജിദ്ദ- കഴിഞ്ഞ ദിവസം ജിദ്ദയിൽ പിടികൂടിയ വൃത്തിഹീനമായ മുന്നൂറോളം കിലോ വരുന്ന ബീഫ് കൊണ്ടുപോയത് മലയാളി റസ്റ്റോറന്റിലേക്കല്ലെന്ന് വ്യക്തമായി. ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് നിയമലംഘകർക്കെതിരെ മുനിസിപ്പാലിറ്റി അധികൃതർ ശക്തമായ നടപടി സ്വീകരിച്ചു. ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് ജിദ്ദ റുവൈസിലെ പ്രമുഖ മലയാളി റസ്റ്റോറന്റുകളുടെ പേരിൽ ചില കോണുകളിൽനിന്ന് സംശയം ഉന്നയിച്ചിരുന്നു. എന്നാൽ, മലയാളി ഹോട്ടലുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു പരാതിയോ നടപടിയോ ഉണ്ടായിട്ടില്ലെന്ന് ദ മലയാളം ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. (മലയാളി ഹോട്ടലാണോ എന്ന് നിരവധി പേർ ദ മലയാളം ന്യൂസിനോട് അന്വേഷിച്ചിരുന്നു. ഈ സഹചര്യത്തിലാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തിയത്. ഈ വാർത്ത ആദ്യം പ്രസിദ്ധീകരിച്ച അറബ് പത്രങ്ങളിലും ഹോട്ടലിന്റെ പേര് പരാമർശിച്ചിരുന്നില്ല.)
കഴിഞ്ഞ ദിവസമാണ് റുവൈസ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന കേടായ ഇറച്ചി ശേഖരം ജിദ്ദ നഗരസഭ പിടിച്ചെടുത്ത് നശിപ്പിച്ചത്. വാഹനത്തില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കേടായ നിലയിലുള്ള 300 കിലോ ഇറച്ചി കണ്ടെത്തിയതെന്ന് ജിദ്ദ നഗരസഭക്കു കീഴിലെ അസീസിയ ബലദിയ മേധാവി ഹിബ ഹുസൈന്‍ അല്‍ബലവി വ്യക്തമാക്കി. ചെറിയ സ്റ്റീല്‍ ബക്കറ്റുകളില്‍ സൂക്ഷിച്ച നിലയിലാണ് വാഹനത്തില്‍ ഇറച്ചി ശേഖരം കണ്ടെത്തിയത്.