ബുറൈദ:രണ്ടു മാസം മുമ്പ് അൽ ഖസീം ബുറൈദയിൽ ജോലിയാവശ്യാർത്ഥം പുതിയ വിസയിൽ വന്ന മണ്ണാർക്കാട് കൊമ്പറ സ്വദേശി ബഷീർ എന്നവർക്ക് ശാരീരിക ബുദ്ധിമുട്ട് കാരണം മസറയിൽ(കൃഷിയിടം) ജോലി ചെയ്യാൻ കഴിയാതിരിക്കുകയും തിരിച്ചു നാട്ടിൽ പോകുന്നതിനായി തന്റെ സ്പോണ്സറോട് കാര്യം ഉണർത്തിയപ്പോൾ വലിയ തുക നഷ്ട്ടപരിഹാരം ചോദിക്കുകയുമാണ് ഉണ്ടായത്.
ബന്ധുക്കളുടെ അഭ്യർത്ഥന പ്രകാരം പാലക്കാട് എംപി ശ്രീകണ്ഠൻ ബുറൈദ കെഎംസിസി യുമായി ബന്ധപ്പെടുകയും അതിൻ്റെ അടിസ്ഥാനത്തിൽ ജനറൽ സെക്രട്ടറി ബഷീർ വെള്ളില ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂരിനെ ചുമതലപ്പെടുത്തുകയും ഇന്ത്യൻ എംബസിയിൽ നിന്നും ഓതറൈസേഷൻ ലെറ്റർ വാങ്ങി ഫൈസൽ ആലത്തൂർ സ്പോൺസറുമായി നിരന്തരം ബന്ധപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ സ്പോണ്സർ ഫൈനൽ എക്സിറ്റ് നൽകുന്നതിന് സമ്മതിക്കുകയും ചെയ്തു.
യാത്ര രേഖകൾ നൽകി നാട്ടിലേക്ക് പോകുന്നതിനുള്ള നിയമസഹായങ്ങൾ ചെയ്ത് തന്ന ബുറൈദ കെഎംസിസി ക്കും ഫൈസൽ ആലത്തൂരിനും ബഷീർ നന്ദിയും കടപ്പാടും അറിയിച്ചു. ഇന്നലെ റിയാദ് കാലിക്കറ്റ് എയർ ഇന്ത്യാ എക്സ്പ്രസിന് ബഷീർ നാട്ടിലേക്ക് യാത്രയായി.