ജിദ്ദ – സൗദിയില്‍ കുപ്പത്തൊട്ടികളുമായി ബന്ധപ്പെട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ വ്യവസ്ഥകള്‍ പുറത്തുവിട്ടു. പ്രധാന റോഡുകളില്‍ വലിയ കുപ്പത്തൊട്ടികള്‍ സ്ഥാപിക്കാൻ അനുവാദം നൽകില്ല. പുതിയ വ്യവസ്ഥകള്‍ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം പരസ്യപ്പെടുത്തി. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതിന്റെ ഫലമായ ദൃശ്യവൈകല്യങ്ങള്‍ കുറക്കുന്നതിന് കുപ്പത്തൊട്ടികള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക എന്ന ലക്ഷ്യത്തോടെ, വാണിജ്യ, പാര്‍പ്പിട പ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിലും കുപ്പത്തൊട്ടികള്‍ക്കുള്ള എല്ലാ വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുത്തി.
റോഡുകളുടെ കോര്‍ണറുകളിലും വളവുകളിലും കാല്‍നടയാത്രക്കാര്‍ക്കുള്ള ക്രോസിംഗുകള്‍ക്കു സമീപവും കാല്‍നടയാത്രക്കാരുടെ സഞ്ചാരം തടസ്സപ്പെടുത്തിയേക്കാവുന്ന സ്ഥലങ്ങളിലും കുപ്പത്തൊട്ടികള്‍ സ്ഥാപിക്കാൻ പാടില്ല. കുപ്പത്തൊട്ടികള്‍ക്കു സമീപം എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന വിധത്തിൽ കാല്‍നടയാത്രക്കാര്‍ക്ക് മതിയായ പാതകളും ഫുട്പാത്തുകളും ഉറപ്പുവരുത്താതെ കണ്ടെയ്‌നറുകള്‍ സ്ഥാപിക്കുന്നത് വിലക്കും.
കുപ്പത്തൊട്ടികള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍ വ്യക്തമാക്കുന്ന ബാരിക്കേഡുകളോ ഗ്രൗണ്ട് മാര്‍ക്കിംഗുകളോ സ്ഥാപിക്കണം. പരന്ന പ്രതലത്തിലാണ് കുപ്പത്തൊട്ടികള്‍ സ്ഥാപിക്കേണ്ടത്. സ്ട്രീറ്റില്‍ ചരിവ് ഉണ്ടെങ്കില്‍ കുപ്പത്തൊട്ടി സ്ഥാപിക്കാന്‍ പരന്ന സ്ഥലം തയാറാക്കണം. കുപ്പത്തൊട്ടി നിരങ്ങിനീങ്ങില്ലെന്ന് ഉറപ്പാക്കാനും നടപടികളെടുക്കണം. മാലിന്യം ശേഖരിക്കുന്ന സ്ഥലം നല്ല വായുസഞ്ചാരമുള്ളതും നല്ല വെളിച്ചമുള്ളതുമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ചുറ്റുമുള്ള ജനവാസ സ്ഥലങ്ങളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും ചത്വരങ്ങളില്‍ നിന്നും മതിലുകള്‍ കൊണ്ടോ മരങ്ങള്‍ കൊണ്ടോ മറക്കുന്ന നിലയിലായിരിക്കണം കുപ്പത്തൊട്ടികള്‍ സ്ഥാപിക്കേണ്ടത്.
പാര്‍പ്പിട യൂനിറ്റുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവേശന കവാടങ്ങളില്‍ നിന്ന് അകലെയുമായിരിക്കണം സ്ഥാപിക്കേണ്ടത്. അധിക ജലം ശരിയായ രീതിയില്‍ നീക്കം ചെയ്യാനും കുപ്പത്തൊട്ടികളിലും ചുറ്റുമുള്ള പരിസ്ഥിതിയിലും അധിക ജലത്തിന്റെ ആഘാതം കുറക്കാനും കുപ്പത്തൊട്ടികള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ മലിജല പോയിന്റുകള്‍ ഏര്‍പ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. ചരിവുള്ള സ്ട്രീറ്റുകളാണെങ്കില്‍, അധികജലം നീക്കം ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് കുപ്പത്തൊട്ടികളുടെയും മലിനജല പോയിന്റുകളുടെയും സ്ഥാനം രൂപകല്‍പന ചെയ്യേണ്ടതെന്നും വ്യവസ്ഥയുണ്ട്.