അബഹ – ആരോരുമില്ലാത്ത സൗദി വൃദ്ധ ദേന അല്‍അസ്മരിയുടെ മയ്യിത്ത് ചുമന്നും അനന്തര കര്‍മങ്ങളില്‍ സജീവമായി പങ്കെടുത്തും അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍. 2020 ല്‍ അസീര്‍ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പര്യനത്തിനിടെയാണ് ദേന അല്‍അസ്മരിയുടെ കഥ അസീര്‍ ഗവര്‍ണറുടെ ചെവിയിലെത്തിയത്. വിധവയായ ദേന അല്‍അസ്മരിക്ക് മക്കളുണ്ടായിരുന്നില്ല. 80 വയസ് പിന്നിട്ട ഇവര്‍ക്ക് പലവിധ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു.
ദേനയുടെ ദുരിത ജീവിതം അറിഞ്ഞ അസീര്‍ ഗവര്‍ണര്‍ അവരുടെ പരിചരണത്തിനും സാമൂഹികകാര്യങ്ങള്‍ ശ്രദ്ധിക്കാനും പുതിയ വീട് നിര്‍മിച്ച് ഫര്‍ണിഷ് ചെയ്ത് നല്‍കാനും ആവശ്യങ്ങളെല്ലാം നിറവേറ്റാനും സംയോജിത സംഘത്തിന് രൂപംനല്‍കാന്‍ നിര്‍ദേശിച്ചു. സദ്‌വാന്‍ ഗ്രാമത്തില്‍ എല്ലാവിധ സൗകര്യങ്ങളോടെയും ദേന അല്‍അസ്മരിക്ക് നിര്‍മിച്ചു നല്‍കിയ പുതിയ ഭവനം 2022 ല്‍ തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. അസുഖം മൂര്‍ഛിച്ച് അബോധാവസ്ഥയിലാകുന്നതു വരെ ഇവരുടെ സംരക്ഷണ ചുമതല ഗവര്‍ണര്‍ ഏറ്റെടുത്തു.
ബില്ലസ്മര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദേനയുടെ ആരോഗ്യവിവരങ്ങള്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നിരന്തരം അന്വേഷിച്ചുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച ദേന അല്‍അസ്മരി ആശുപത്രിയില്‍ വെച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ മയ്യിത്ത് ചുമക്കാനും അനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാനും തുര്‍ക്കി ബിന്‍ ത്വലാല്‍ രാജകുമാരന്‍ മുന്നിലുണ്ടാവുകയായിരുന്നു.