റിയാദ്: പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അലിഫ് ഇൻ്റർനാഷണൽ സ്കൂൾ ഏർപ്പെടുത്തിയ അലിഫ് എജ്യു അവാർഡ് ’24 സമ്മാനിച്ചു. റിയാദിലെ ഇന്ത്യൻ സ്കൂളുകളിൽ ദീർഘകാലം സ്തുത്യർഹമായ സേവനം ചെയ്ത പതിനഞ്ച് അധ്യാപകരെയാണ് അവാർഡിന് തിരഞ്ഞെടുത്തത്. സ്‌കൂൾ ഓഡിറ്റേറിയത്തിൽ നടന്ന പ്രൗഢമായ സദസ്സിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവും റിയാദിലെ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിന്റെ സ്ഥാപികയുമായ സീനത്ത് ജഫ്രി പുരസ്കാരങ്ങൾ സമ്മാനിച്ചു.
ആദരവുകൾ ഉത്തരവാദിത്വങ്ങൾ വർധിപ്പിക്കുകയാണ്. പരിമിത സൗകര്യങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസനിലവാരത്തിലേക്ക് റിയാദിലെ പ്രവാസി സമൂഹത്തെ കൈപ്പിടിച്ചുയർത്തിയത് അർപ്പണബോധത്തോടെ സേവനം ചെയ്ത അധ്യാപകരാണ്. അതിന് നേതൃപരമായ പങ്ക് വഹിക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് സീനത്ത് ജഫ്രി പറഞ്ഞു.
രാഷ്ട്ര നിർമ്മാതാക്കളെയും സാമൂഹ്യ പരിഷ്‌കർതാക്കളെയും ഉന്നത പ്രൊഫഷലുകളെയും ആദരിക്കുന്ന സമൂഹം അവർക്ക് വിജയത്തിന്റെ വഴി തുറന്ന അധ്യാപകരെ പലപ്പോഴും വിസ്മരിക്കുകയാണ്. വിവിധ സ്‌കൂളുകളിലെ മികച്ച അധ്യാപകരെ കണ്ടെത്തി ആദരിക്കാൻ അലിഫ് സ്‌കൂൾ കാണിച്ച മാതൃക പ്രശംസനീയവും അനുകരണീയവുമാണെന്ന് ആദരവ് ഏറ്റുവാങ്ങിയ മൈമൂന അബ്ബാസ് പറഞ്ഞു.
‘പ്രകാശം ചൊരിയുന്ന 15 വർഷങ്ങൾ’ എന്ന ശീർഷകത്തിൽ നടക്കുന്ന പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് അവാർഡുകൾ ഏർപ്പെടുത്തിയത്.
ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ നിന്ന് മൈമൂന അബ്ബാസ്, സാഹിദ ജബീൻ, ഫൈസ സുൽത്താൻ, നാസർ ഇ എച്ച്, സബീഹ ശൈഖ്, ഇന്ത്യൻ ഇന്റർനാഷണൽ പബ്ലിക് സ്‌കൂളിൽ നിന്ന് ഷമീം മജീദ് ബാഷ, ഫരീഹ സലീൻ, യാര ഇൻ്റർനാഷണൽ സ്കൂളിൽ നിന്ന് പർവീൻ സുൽത്താന, നഈമ ഖാത്തൂൻ, മോഡേൺ മിഡിൽ ഈസ്റ്റ് ഇൻ്റർനാഷണൽ സ്കൂളിൽ നിന്ന് കവിത ശിവകുമാർ, ദാറുസ്സലാം ഡൽഹി പബ്ലിക് സ്‌കൂളിൽ നിന്ന് സമീന വഖാർ, അൽ യാസ്മിൻ ഇൻ്റർനാഷണൽ സ്കൂളിൽ നിന്ന് സുബി ഫാത്തിമ ഷാഹിർ, അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ നിന്ന് ഫാത്തിമ ഖൈറുന്നിസ, ആയിഷ ബാനു എന്നിവർ അവാർഡിന് അർഹരായി.
കിംഗ് സൗദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ അസിസ്റ്റൻ്റ് പ്രൊഫസറും കൺസൾട്ടന്റുമായ ഡോ. മുസാഇദ് അൽ സഹ്ലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ കീ നോട്ട് അവതരിപ്പിച്ചു. അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്‌മാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. കിംഗ് സൗദ് യൂണിവേഴ്സിറ്റി മെഡിക്കൽ സിറ്റി ഐ ടി മാനേജർ സൽമാൻ ഖാലിദ് ആശംസകൾ അർപ്പിച്ചു. അലിഫ് ഗ്ലോബൽ സ്കൂൾ ഡയറക്റ്റർ മുഹമ്മദ് അഹമ്മദ്, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, പ്രോഗ്രാം കൺവീനർ അനസ് കാരയിൽ, ഗിഫ്റ്റി ജീസൺ, നൗഷീൻ ഖാദിരി സംബന്ധിച്ചു.