ജിദ്ദ – സൗദി അറേബ്യയിൽ കഴിഞ്ഞ വർഷം വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറിയ 37 യാത്രക്കാർക്ക് ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പിഴ ചുമത്തി. വിമാന ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാത്തതിനും സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനും ഇവർക്ക് ആകെ 26,900 റിയാലാണ് പിഴ വിധിച്ചത്. വിമാനക്കമ്പനികളും യാത്രക്കാരും ഉൾപ്പെട്ട ആകെ 609 നിയമലംഘനങ്ങളിലായി 1,38,23,900 റിയാലാണ് സിവില്‍ ഏവിയേഷൻ കമ്മിറ്റി കഴിഞ്ഞ വർഷം ആകെ പിഴ ഈടാക്കിയത്.
അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കാത്തതിന് വിമാനക്കമ്പനികൾക്കെതിരെ 404 നിയമലംഘനങ്ങൾക്ക് 67,52,500 റിയാലും, യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ചട്ടങ്ങൾ ലംഘിച്ചതിന് 136 കേസുകളിലായി 50,30,000 റിയാലും പിഴ ചുമത്തി. ചട്ടങ്ങൾ പാലിക്കാത്ത 16 ലംഘനങ്ങൾക്ക് 11,40,000 റിയാലും ഏഴ് എയർലൈനുകൾക്ക് വ്യോമയാന നിയമങ്ങൾ ലംഘിച്ചതിന് 5,25,000 റിയാലും നൽകേണ്ടി വന്നു. പെർമിറ്റില്ലാതെ ഡ്രോൺ ഉപയോഗിച്ചതിന് നാലുപേർക്ക് 9,500 റിയാലും മൂന്ന് കമ്പനികൾക്ക് 30,000 റിയാലുമാണ് പിഴ വിധിച്ചത്. ലൈസൻസ് അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് ഒരാൾക്ക് 10,000 റിയാലും സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച മറ്റൊരു വ്യക്തിക്ക് 3,00,000 റിയാലും അതോറിറ്റി പിഴ ചുമത്തിയിട്ടുണ്ട്.



