ജിദ്ദ: തിരുവനന്തപുരം സ്വദേശികളും മത്സ്യബന്ധന തൊഴിലാളികളുമായ നാലു മലയാളികൾ ദുരിത പർവ്വം കടന്ന് നാട്ടിലെത്തി. ജിദ്ദക്കടുത്ത അൽലൈസിലെ വസ്ക്കയിൽ മത്സ്യബന്ധന വിസയിൽ വന്നതായിരുന്നു ദുരിതത്തിലായ നാലംഗ സംഘം. ജിദ്ദ ഒ.ഐ.സി.സിയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹ്യക പ്രവർത്തകരുടെയും സഹായത്തോടെ നാടണഞ്ഞത്.
തൊഴില്‍ തർക്കത്തിൽ സ്പോൺസറും ഇടനിലക്കാരനും ചേർന്ന് ഇക്കാമയും താമസ സൗകര്യങ്ങളും നിഷേധിച്ചതിനെ തുടർന്ന് നാലു മാസത്തെ ദുരിത ജീവിതത്തിന് ശേഷം ജിദ്ദയിൽ അഭയം തേടിയ നാലംഗ സംഘത്തെ നാട്ടുകാരനും സാമൂഹിക പ്രവർത്തകനുമായ റഷീദ് തിരുവനന്തപുരമാണ് അഭയം നൽകിയത്.
ഡോ. ശശി തരൂർ എം പി യുടെ ഇടപെടലിനെ തുടർന്ന് വിഷയം ജിദ്ദ ഒ.ഐ.സി.സി ഹെൽപ്പ് ഡെസ്കിൽ എത്തുകയും, തുടർന്ന് നേതാക്കളായ അലി തേക്കുതോട് ഷമീർ നദ്‌വി എന്നിവർ സംഭവം കോൺസുലേറ്റിൻ്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്ന് ഷമീർ നദ്‌വിയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് സ്പോൺസർ ഇക്കാമ ശരിയാക്കുകയും ഫൈനൽ എക്സിറ്റ് നല്‍കാന്‍ തയ്യാറാവുകയുമായിരുന്നു.
ഇന്ത്യൻ കോൺസുലേറ്റിലെ വെൽഫെയർ കോൺസുൽ കമലേഷ് മീണ, വൈസ് കോൺസുൽ സതീഷ് തുടങ്ങിവരുടെ ശക്തമായ ഇടപെടൽ നടപടികൾ വേഗത്തില്‍ പൂർത്തിയാക്കാൻ സഹായകമായി.
നാലംഗ സംഘത്തെ ജിദ്ദ കിംഗ് അബ്ദുൾ അസീസ് വിമാനത്താവളത്തിൽ ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, ഹെൽപ്പ് ഡെസ്ക് കൺവീനർ അലി തേക്കുതോട്, തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഷമീർ നദ്‌വി എന്നിവർ ചേർന്ന് യാത്രയാക്കി.