അബഹ – അസീറില്‍ അബഹ, മഹായില്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ശആര്‍ ചുരം റോഡില്‍ ട്രെയിലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ട്രെയിലര്‍ ഡ്രൈവറും റോഡിലെ മറ്റു വാഹനങ്ങളിലെ യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. 600 ചാക്ക് കോഴിത്തീറ്റയുമായി ചുരം ഇറങ്ങുന്നതിനിടെ ബ്രെയ്ക്ക് തകരാര്‍ മൂലം ട്രെയിലറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ഇതേതുടര്‍ന്ന് അമിത വേഗതയില്‍ താഴേക്ക് കുതിച്ച ലോറി മനസ്ഥൈര്യം വിടാതെ ഡ്രൈവര്‍ റോഡ് സൈഡിലെ കോണ്‍ക്രീറ്റ് ബാരിക്കേഡുകളില്‍ ഇടിച്ച് നിര്‍ത്താന്‍ ശ്രമിക്കുകയും തുടര്‍ന്ന് ലോറി മറിയുകയുമായിരുന്നു.
ട്രാഫിക് പോലീസും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് ലോറിയും കോഴിത്തീറ്റ ചാക്കുകളും റോഡില്‍ നിന്ന് നീക്കി റെക്കോര്‍ഡ് സമയത്തിനകം ഗതാഗതം പുനഃസ്ഥാപിച്ചു. അസീര്‍ പ്രവിശ്യക്ക് വടക്ക് ഹലിയിലെ പൗള്‍ട്രി ഫാമിലേക്ക് കോഴിത്തീറ്റ ലോഡുമായി പോകുന്നതിനിടെയാണ് അപകടമെന്ന് ട്രെയിലര്‍ ഡ്രൈവര്‍ പറഞ്ഞു.