റമദാനായാൽ എങ്ങും സജീവ ചർച്ചകൾ റമദാനിലെ പ്രാർത്ഥനകൾ, ദാന ധർമ്മങ്ങൾ, ഇഫ്ത്താറുകൾ എന്നിവയെക്കുറിച്ചു നിറയും. ഇഫ്ത്താറിൻ്റെ സുപ്രയിൽ വ്യത്യാസങ്ങളില്ല. ജാതിയോ മതമോ നിറമോ ആസ്തിയോ പ്രാദേശിക ഭേദമോ ഇല്ല. ആർക്കും ആരോടൊപ്പവുമിരിക്കാം. ഏവർക്കും മതിയാവോളം കഴിക്കാനായി ഒരേ ഭക്ഷ്യവിഭവങ്ങൾ. അതിൽ പഴങ്ങളും പഴച്ചാറുകളും ഇറച്ചി ഉൾപ്പടെയുള്ളവ. താൻ കഴിക്കുന്നതിനേക്കാൾ മറ്റുള്ളവരെ ഭക്ഷിപ്പിക്കുന്നതിലാണ് ഓരോരുത്തരും ധന്യത നേടുന്നത്. ഒരുമിച്ചിരിക്കലും ഒരുമിച്ച് ഭക്ഷിക്കലും ഒരുമിച്ച് പ്രാർത്ഥിക്കലും സ്വാർത്ഥത വെടിഞ്ഞ നിമിഷങ്ങൾ നിറച്ച് ധന്യമാക്കുകയാണ് ഓരോ ഇഫ്ത്താർ വിരുന്നും. ആദി മാതാവായ ഹവ്വയുടെ നാടായ ജിദ്ദയിൽ ഇഷ്ക്ക് പൂത്തുലയുകയാണ് പുണ്യങ്ങളുടെ പൂക്കാലമായ റമദാനിൽ.

ജിദ്ദയിലെ ചെറുതും വലിയതുമായ കൂട്ടായ്മകൾ ഇഫ്ത്താറെന്ന സ്നേഹ വിരുന്നുകൾ സംഘടിപ്പിക്കുന്നതിൽ വ്യാപൃതരാണ്. അതിൽ മുഖ്യധാരാ സംഘടനകളായ കെ.എം.സി.സി നവോദയ, ഒഐസിസി, ജില്ലാ കൂട്ടായ്മകളായ തിരുവനന്തപുരം സ്വദേശി സംഗമം, കൊല്ലം പ്രവാസി സംഗമം, സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷൻ, ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ, പത്തനംതിട്ട ജില്ലാ സംഗമം, തൃശൂർ സൗഹൃദവേദി, പാലക്കാട്, കോഴിക്കോട് കണ്ണൂർ, കോട്ടയം എന്നിവയും വേൾഡ് മലയാളി ഫെഡറേഷൻ, ജിദ്ദ കേരള പൗരാവലി, മക്ക ഐ.ഒ.സി, മക്ക കെ.എം.സി.സി, ഐ.ഡി.സി, തനിമ , ഇസ്ലാഹി സെൻ്ററുകൾ, സുന്നീ കൂട്ടായ്മകൾ എന്നിവ സ്നേഹവിരുന്നിലൂടെ ഡിപ്ലോമസി സൃഷ്ടിക്കുകയാണ്. ഈ വർഷം ജിദ്ദാ ഇന്ത്യൻ കോൺസുലേറ്റും വിപുലമായി ഇന്ത്യൻ പൊതു സമൂഹത്തിന്നായും ശ്രദ്ധേയമായ രീതിയിൽ ഇഫ്ത്താർ സംഘടിപ്പിച്ചു.
ലോക മാനവ സമൂഹത്തിന് സന്തോഷവും സമാധാനവും നിറഞ്ഞു കവിയുന്ന ഒന്നാകട്ടെ ഈ റമദാൻ്റെ അനുഗ്രഹങ്ങൾ. വിശപ്പറിഞ്ഞവൻ വിശപ്പു മാറ്റിക്കൊടുത്ത് വിശാലമായ സൗഹൃദവും സാഹോദര്യവും പണിതുയർത്തുന്നു.