ജിദ്ദ – സാമൂഹികമാധ്യമങ്ങളിലൂടെ അനുചിതമായ വീഡിയോ ക്ലിപ്പിംഗുകള്‍ പ്രചരിപ്പിച്ച ഏതാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രൊഫഷനല്‍ നൈതികതക്കും ആരോഗ്യ നിയമങ്ങള്‍ക്കും വിരുദ്ധമായ വീഡിയോ ക്ലിപ്പിംഗുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
അനുചിതമായ പെരുമാറ്റം, അസഭ്യ വാക്കുകള്‍, തൊഴില്‍ നയങ്ങള്‍ ലംഘിക്കല്‍, ഗുണഭോക്താക്കളോട് അനാദരവോടെ ഇടപഴകല്‍, അഡ്മിറ്റിലുള്ള രോഗിക്കൊപ്പം അനുചിതമായ വീഡിയോ ക്ലിപ്പിംഗില്‍ പ്രത്യക്ഷപ്പെടല്‍ എന്നീ നിയമ ലംഘനങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്ത് കണ്ടെത്തിയത്. റിയാദ്, തബൂക്ക്, ജിസാന്‍ എന്നിവിടങ്ങളില്‍ പിടിയിലായ നിയമ ലംഘകരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മുഴുവന്‍ നിയമാനുസൃത നടപടികളും സ്വീകരിച്ചു.
നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കാനും രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കടമയുടെ അടിസ്ഥാനത്തില്‍, ആരോഗ്യ മേഖലയില്‍ പ്രൊഫനല്‍ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയമ ലംഘകരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ ഹെല്‍ത്ത് പ്രൊഫഷന്‍ പ്രാക്ടീസ് നിയമവും ചട്ടങ്ങളും പാലിക്കേണ്ടത് പ്രധാനമാണ്. ഇത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം, സുരക്ഷ, അന്തസ്സ് എന്നിവയുടെ പരിധിയില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും പ്രയോജനത്തിനായി തങ്ങളുടെ തൊഴില്‍ ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകരെ നിര്‍ബന്ധിക്കുന്നു. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാല്‍റ്റീസ് പുറപ്പെടുവിച്ച ഹെല്‍ത്ത് പ്രാക്ടീഷനര്‍ എത്തിക്‌സ് ഗൈഡ് ശാസ്ത്രീയ ഗവേഷണം പോലുള്ള പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഒഴികെ രോഗികളെ ചിത്രീകരിക്കുന്നതും അവരുടെ ശരീര ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ലൈസന്‍സ് റദ്ദാക്കും.
മേല്‍പ്പറഞ്ഞ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളവ ഒഴികെയുള്ള കേസുകളില്‍ ആരോഗ്യ പ്രാക്ടീഷനര്‍മാര്‍ സ്വയം പരസ്യം ചെയ്യുന്നതും നേരിട്ടോ ഇടനിലക്കാരന്‍ മുഖേനെയോ തനിക്കു വേണ്ടി പരസ്യം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. പൊതുമൂല്യങ്ങള്‍ക്കും ധാര്‍മികതക്കും കോട്ടംതട്ടിക്കുന്ന വീഡിയോയും മറ്റും നിര്‍മിക്കുന്നവര്‍ക്ക് സൈബര്‍ ക്രൈം വിരുദ്ധ നിയമം അനുസരിച്ച് അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.