ജിദ്ദ– ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ ജീവനക്കാരെ ആക്രമിച്ച സൗദി യുവാവ് അറസ്റ്റിൽ. റിയാദിൽ നിന്ന് കൊളംബോയിലേക്കുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലെ രണ്ട് ഫ്‌ളൈറ്റ് അറ്റൻഡർമാരെ ആക്രമിച്ചതിനാണ് 28 കാരനായ സൗദി യുവാവിനെ അറസ്റ്റ് ചെയ്തത്. യു.എൽ 266ാം നമ്പർ വിമാനത്തിലാണ് സംഭവം. കൊളംബോ ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ യാത്രക്കാരനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊളംബോ വഴി മലേഷ്യയിലേക്ക് പോകുകയായിരുന്ന യാത്രക്കാരൻ വിമാനം ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യാത്രക്കാർ സീറ്റ് ബെൽറ്റ് ഇടേണ്ട സമയമായതിനാൽ ക്യാബിൻ ക്രൂ അംഗങ്ങൾ ഇടപെട്ട് സീറ്റിലേക്ക് മടങ്ങാൻ നിർദേശിച്ചപ്പോൾ, യുവാവ് ആക്രമണകാരിയായി മാറുകയായിരുന്നു. പൈലറ്റ് ഉടൻ തന്നെ സംഭവം ഗ്രൗണ്ട് അധികൃതരെ വിവരമറിയിച്ചു.
ലാൻഡ് ചെയ്തയുടനെ വിമാനത്താവള പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിമാനത്തിനകത്തെ സംഘർഷാവസ്ഥയും വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുമ്പോൾ വിമാന ജീവനക്കാരും യാത്രക്കാരും ചേർന്ന് യുവാവിനെ തടയാൻ ശ്രമിക്കുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണിക്കുന്നു. സംഭവത്തിൽ എയർപോർട്ട് പോലീസും എയർപോർട്ട് ടൂറിസ്റ്റ് പോലീസും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കൻ വ്യോമാതിർത്തിയിലാണ് സംഘർഷം നടന്നതെന്നതിനാൽ, പ്രതിയെ കൊളംബോ മജിസ്‌ട്രേറ്റ് കോടതി നമ്പർ 01 ന് മുന്നിൽ ഹാജരാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



