ജിദ്ദ – ഈ വര്‍ഷം ആദ്യ പകുതിയില്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണം രണ്ടര കോടിയോളമായി ഉയര്‍ന്നതായി ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി അറിയിച്ചു. 2026 ജനുവരി 1 നും ജൂണ്‍ 30 നും ഇടയില്‍ 2.45 കോടിയിലേറെ യാത്രക്കാര്‍ക്കാണ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം സേവനം നല്‍കിയത്. ഇക്കാലയളവില്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ ആകെ 1,53,000 വിമാന സര്‍വീസുകള്‍ നടന്നു. 2.89 കോടിയിലേറെ ബാഗേജുകള്‍ കൈകാര്യം ചെയ്തു. വിമാനത്താവളത്തിലെ പ്രവര്‍ത്തന പ്രക്രിയകളുടെ കാര്യക്ഷമതയാണ് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്. 2026 ജനുവരി 17 ന് ജിദ്ദ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി. അന്നേദിവസം 1,95,000 ലധികം യാത്രക്കാരാണ് ജിദ്ദ എയര്‍പോര്‍ട്ട് ഉപയോഗപ്പെടുത്തിയത്.
ഈ വര്‍ഷം ആദ്യ പകുതിയില്‍ ഏഷ്യാ പസഫിക്, മിഡില്‍ ഈസ്റ്റ് മേഖലക്കുള്ള 2026 ലെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ സില്‍വര്‍ സേഫ്റ്റി എക്‌സലന്‍സ് അവാര്‍ഡ് ജിദ്ദ വിമാനത്താവളത്തിന് ലഭിച്ചു. എയര്‍പോര്‍ട്ട് കാര്‍ബണ്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമില്‍ ലെവല്‍ 4 ഉം എയര്‍പോര്‍ട്ട് നേടിയിട്ടുണ്ട്. കാര്‍ബണ്‍ ഉദ്വമനം നിയന്ത്രിക്കുന്നതിലും സുസ്ഥിര രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഇത് മികച്ച റാങ്കിംഗ് ആണ്. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിലും പരിസ്ഥിതി സംരംഭങ്ങള്‍ നടപ്പാക്കുന്നതിലും നടത്തിയ ശ്രമങ്ങള്‍ക്ക് അംഗീകാരമായി വിമാനത്താവളത്തിന് 2026 ലെ ഗ്രീന്‍ എയര്‍പോര്‍ട്ട്‌സ് അവാര്‍ഡും ലഭിച്ചു. കൂടാതെ യാത്രക്കാരുടെ അനുഭവത്തില്‍ ലെവല്‍ 4 അക്രഡിറ്റേഷനും നേടിയിട്ടുണ്ട്.
പ്രതിവര്‍ഷം അഞ്ചു കോടി മുതല്‍ ആറു കോടി വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങള്‍ക്കായുള്ള സ്‌കൈട്രാക്‌സ് റാങ്കിംഗില്‍ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ആഗോള തലത്തില്‍ മൂന്നാം സ്ഥാനം നേടി. ഇത് യാത്രക്കാരുടെ അനുഭവത്തിലും സേവന നിലവാരത്തിലും തുടര്‍ച്ചയായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. ഈ വര്‍ഷം ആദ്യ പകുതിയില്‍ ഹജ്, ഉംറ സീസണുകള്‍ ജിദ്ദ എയര്‍പോര്‍ട്ട് വിജയകരമായി കൈകാര്യം ചെയ്തു. ഹജ്, ഉംറ സീസണുകളില്‍ തീര്‍ഥാടകരെ സേവിക്കാനും അവരുടെ യാത്രകള്‍ സുഗമമാക്കാനും ഉയര്‍ന്ന പ്രവര്‍ത്തന സാന്ദ്രതയിലും വിവിധ പങ്കാളികള്‍ തമ്മിലുള്ള അടുത്ത ഏകോപനത്തിലും ജിദ്ദ എയര്‍പോര്‍ട്ട് തടസ്സമില്ലാതെയും പൂര്‍ണ്ണ സന്നദ്ധതയോടെയും പ്രവര്‍ത്തിച്ചു.
പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും യാത്രക്കാരുടെ അനുഭവം ഉയര്‍ത്താനുമുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളെ ഈ ഫലങ്ങളും നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്നതായി ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ മാസിന്‍ ജൗഹര്‍ പറഞ്ഞു. യാത്രക്കാരുടെയും വിമാന സര്‍വീസുകളുടെയും ദ്രുതഗതിയിലുള്ള വളര്‍ച്ചക്കൊപ്പം കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തി കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും സുസജ്ജതയുടെയും കാര്യക്ഷമതയുടെയും നിലവാരം ഉയര്‍ത്താനുമായി രണ്ടാം പകുതിയില്‍ ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. യാത്രക്കാരുടെ എണ്ണത്തിലെ തുടര്‍ച്ചയായ വളര്‍ച്ചക്ക് അനുസൃതമായി, സുരക്ഷയുടെയും സുസ്ഥിരതയുടെയും മേഖലകളില്‍ ആഗോളതലത്തില്‍ മികച്ച രീതികള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ കമ്പനി തുടരുമെന്നും എന്‍ജിനീയര്‍ മാസിന്‍ ജൗഹര്‍ കൂട്ടിച്ചേര്‍ത്തു



