മക്ക – ഹജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ നമിറ മസ്ജിദില്‍ നിര്‍വഹിക്കുന്ന ഖുതുബ 35 ഭാഷകളില്‍ വിവര്‍ത്തനം ചെയ്ത് ഹറം മതകാര്യ വകുപ്പിനു കീഴിലെ പ്ലാറ്റ്ഫോമുകളിലൂടെയും ചാനലുകളിലൂടെയും സംപ്രേഷണം ചെയ്യും. ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്ക് ഇസ്ലാമിന്റെ മിതവാദ സന്ദേശവും അറഫ പ്രഭാഷണത്തിന്റെ മതപരമായ ഉള്ളടക്കവും എത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് അറഫ ഖുതുബ വിവര്‍ത്തനം എന്ന് ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് പറഞ്ഞു. തീര്‍ഥാടകരെ പരിചരിക്കുന്നതിലും ആധുനിക സാങ്കേതികവിദ്യകളിലൂടെയും വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും ഹജ് സീസണിന്റെ ആഗോള സ്വാധീനം പരമാവധിയാക്കുന്നതിലും സൗദി ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും ഇത് അടിവരയിടുന്നു.
അറഫ ഖുതുബ വിവര്‍ത്തന പദ്ധതി, ഹറം മതകാര്യ വകുപ്പ് വര്‍ഷങ്ങളായി സമാഹരിച്ച അനുഭവത്തെ പ്രതിഫലിപ്പിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള സംരംഭമാണ്. വ്യത്യസ്ത അന്താരാഷ്ട്ര ഭാഷകളില്‍ മതപരമായ ഉള്ളടക്കം സമ്പുഷ്ടീകരിക്കുന്നതിന് ഇത് സഹായിക്കുകയും വിശ്വാസ സന്ദേശത്തില്‍ നിന്നും അതിന്റെ സാര്‍വത്രിക മാനുഷിക തത്വങ്ങളില്‍ നിന്നും പ്രയോജനം നേടാന്‍ അറബി സംസാരിക്കാത്ത മുസ്ലിംകളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഉയര്‍ന്ന പ്രൊഫഷണലിസവും നൂതന നിലവാരവും ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് അറഫ ഖുതുബ സന്ദേശം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍ ഹറം മതകാര്യ വകുപ്പ് സാങ്കേതിക, മാധ്യമ ശേഷികള്‍ പ്രയോജനപ്പെടുത്തുന്നതായും ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് വ്യക്തമാക്കി.



